You are currently viewing കാട്ടാന ആക്രമണത്തിൽ രാജമ്മയുടെ മരണം: കുടുംബത്തിന് അടിയന്തര സഹായം ഉറപ്പാക്കും; നഷ്ടപരിഹാരം വർധിപ്പിച്ചു

കാട്ടാന ആക്രമണത്തിൽ രാജമ്മയുടെ മരണം: കുടുംബത്തിന് അടിയന്തര സഹായം ഉറപ്പാക്കും; നഷ്ടപരിഹാരം വർധിപ്പിച്ചു

പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിലെ കടശ്ശേരി വാർഡിൽ കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലുറപ്പ് തൊഴിലാളി രാജമ്മയുടെ കുടുംബത്തിന് അർഹമായ ആനുകൂല്യങ്ങൾ അടിയന്തരമായി ലഭ്യമാക്കുമെന്ന് വനവകുപ്പ് മന്ത്രി ഷിബു ദേവി ജോൺ അറിയിച്ചു. പത്തനാപുരം എംഎൽഎ ജ്യോതികുമാർ ചാമക്കാല നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.

രാജമ്മയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുക, ആക്രമണകാരിയായ കാട്ടാനയെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കുക, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളും മുൻകരുതൽ നടപടികളും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചത്.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ആശ്വാസധനത്തിൽ 25 ശതമാനം വർധന വരുത്തിയതായി മന്ത്രി അറിയിച്ചു. കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക 100 ശതമാനം വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പത്തനാപുരം നിയോജകമണ്ഡലത്തിൽ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങൾ സന്ദർശിക്കുമെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വന്യമൃഗശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണി ഒഴിവാക്കുന്നതിനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം ഇതോടെ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്.

Leave a Reply