You are currently viewing ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ 66 ലക്ഷം രൂപ തട്ടിപ്പ്: നാല് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓ ബൈ ഓസി’ (Oh by Ozy) എന്ന സ്ഥാപനത്തിൽ നിന്നും 66 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നാല് പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. രണ്ട് വർഷത്തോളമായി തുടര്ന്ന വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകളാണ് അന്വേഷണത്തിൽ വെളിപ്പെട്ടത്.

സ്ഥാപനത്തിലെ ഔദ്യോഗിക പേയ്‌മെന്റ് സംവിധാനം മറികടന്ന് ജീവനക്കാർ അവരുടെ സ്വകാര്യ ക്യുആർ കോഡുകളാണ് ഉപഭോക്താക്കളിൽ നിന്ന് പണം സ്വീകരിക്കാൻ ഉപയോഗിച്ചിരുന്നത്. ഇതുവഴിയാണ് ഏകദേശം 66 ലക്ഷം രൂപ ക്രമാതീതമായി ജീവനക്കാരുടെ അക്കൗണ്ടുകളിൽ എത്തിയത്.
വിനീത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്ലിൻ, രാധാകുമാരി, വിനീതയുടെ ഭർത്താവ് ആദർശ് എന്നിവർ ആണ് കേസിൽ ആരോപണ വിധേയരായത്. ജീവനക്കാരുടെ ബാങ്ക് ഇടപാട് രേഖകളും സിസിടിവി ദൃശ്യങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പൂർണ്ണമായി തെളിഞ്ഞത്.

തട്ടിയെടുത്ത പണം ആഡംബര ജീവിതത്തിനും സ്വർണാഭരണങ്ങൾക്കും വാഹനങ്ങൾക്കും ചെലവഴിച്ചെന്നതും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ദിയ കൃഷ്ണയുടെ പിതാവായ കൃഷ്ണകുമാറിന്റെ പരാതിയോടെയാണ് അന്വേഷണം ഔദ്യോഗികമായി ആരംഭിച്ചത്.
ഇതിനിടെ, പ്രതികൾ ദിയ കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ നൽകിയ പരാതിപരിശോധിച്ചെങ്കിലും അതിൽ യാതൊരു തെളിവും ലഭിക്കാത്തതിനാൽ പോലീസ് അത് തള്ളിക്കളഞ്ഞു. കേസിൽ തുടര്‍നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

Leave a Reply