
സംസ്ഥാനത്ത് സീബ്ര ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഗൗരവമായി ലംഘിക്കപ്പെടുന്നത് ധാരാളം അപകടങ്ങൾക്ക് കാരണമാകുന്നു. സീബ്ര മാർക്കിംഗിന്റെ ഉദ്ദേശ്യം അവഗണിച്ച് പല വാഹന ഡ്രൈവർമാരും അതിന്റെ മുകളിൽതന്നെ വാഹനങ്ങൾ നിർത്തുന്നതും, കാൽനടപ്പാതകൾ പോലും പാർക്കിങ്ങിനായി ഉപയോഗിക്കുന്നതും സാധാരണ കാഴ്ചയാണ്.
ഈ വർഷം ഇതുവരെ 800-ലധികം കാൽനടയാത്രക്കാരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ 50 ശതമാനം പേരും മുതിർന്ന പൗരന്മാരാണ് എന്നതും ആശങ്ക വർധിപ്പിക്കുന്നു.
സീബ്ര ക്രോസിംഗിനടുത്തെത്തുമ്പോൾ ഡ്രൈവർ കുറഞ്ഞത് മൂന്ന് മീറ്റർ അകലെയാണ് വാഹനം നിർത്തേണ്ടതെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് വ്യാപകമായി ലംഘിക്കപ്പെടുന്നതായി എം വി ഡി നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ലംഘിക്കുന്ന ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പ് (MVD) ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മോട്ടോർ വാഹന നിയമം സെക്ഷൻ 184 പ്രകാരം 2,000 രൂപ പിഴയും ചുമത്തും.
കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമം കർശനമായി നടപ്പാക്കണമെന്ന നിർദ്ദേശം ബഹുമാനപ്പെട്ട ഹൈക്കോടതിയും നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് വ്യാപക പരിശോധനകളും തുടർ നടപടികളും ശക്തിപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചു.
