
തിരുവനന്തപുരം: ശബരിമല തീർഥാടനം കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന ഗതാഗതവകുപ്പ് (എം.വി.ഡി.) പുതിയ നിർദേശങ്ങൾ പുറത്തിറക്കി. കഠിനമായ കാനനപാതകൾ താണ്ടിയെത്തുന്ന തീർഥാടകർ തിരിച്ചുള്ള യാത്രയിൽ അനുഭവിക്കുന്ന ക്ഷീണം അപകടസാധ്യത വർധിപ്പിക്കുന്നുവെന്ന് എം.വി.ഡി. മുന്നറിയിപ്പ് നൽകി.
ഡ്രൈവർമാർ മാനസികമായും ശാരീരികമായും പൂർണ്ണസജ്ജരായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് വകുപ്പ് വ്യക്തമാക്കി. ക്ഷീണിതാവസ്ഥയിൽ വാഹനം ഓടിക്കുന്നത് ഗൗരവമായ അപകടങ്ങൾക്ക് വഴിവെക്കുമെന്നാണ് നിർദേശം.
തീർഥാടകർ തിരിച്ച് പോകുമ്പോൾ പ്രത്യേകം ഡ്രൈവറെ ഒപ്പം കൂട്ടുകയോ, ആവശ്യമായ വിശ്രമത്തിന് ശേഷം മാത്രമേ യാത്ര തുടരാവൂ എന്നിങ്ങനെയാണ് എം.വി.ഡി.യുടെ പ്രധാന നിർദേശങ്ങൾ. കൂടെയുള്ള യാത്രക്കാരും ഉറങ്ങാതെ ജാഗ്രതയോടെ ഡ്രൈവറോട് സഹകരിക്കണമെന്നും വകുപ്പ് ഓർമ്മപ്പെടുത്തി.
“സുരക്ഷിതമാകട്ടെ കാനനപാതകൾ,” എന്ന സന്ദേശത്തോടെയാണ് ഗതാഗതവകുപ്പ് തീർഥാടകർക്ക് സുരക്ഷാ നിർദേശങ്ങൾ നൽകിയത്.
