
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവി വിലയിരുത്തി സിപിഎം കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ മുൻ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനത്തെയും സംസ്ഥാന നേതൃത്വത്തെയുംതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ട്. ഭരണത്തിൽ പാർട്ടിക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നും പാർട്ടി-സർക്കാർ ഏകോപനത്തിലെ വീഴ്ചയാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പ്രധാന കാരണങ്ങളിലൊന്നായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നതായി വിവരമുണ്ട്.
റിപ്പോർട്ടിൽ, തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ പിണറായി വിജയൻ എന്ന ഒരൊറ്റ നേതാവിലേക്ക് കേന്ദ്രീകരിച്ചത് തന്ത്രപരമായ പിഴവായിരുന്നുവെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം യുഡിഎഫ് ശക്തമായ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭരണത്തിലിരുന്ന മന്ത്രിമാർ പാർട്ടി പ്രവർത്തകരിൽ നിന്നും സാധാരണ ജനങ്ങളിൽ നിന്നും അകന്നുപോയതും, ചില നേതാക്കളുടെ അഹങ്കാരപരമായ സമീപനവും ആഡംബര ജീവിതശൈലിയും ഭരണവിരുദ്ധ വികാരം ശക്തിപ്പെടുത്തിയെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.
സ്ഥാനാർഥി നിർണയത്തിലും ഗുരുതരമായ പിഴവുകൾ സംഭവിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കെ.കെ. ശൈലജ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ മണ്ഡലം മാറ്റിയ തീരുമാനം പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്നും അത് തിരിച്ചടിയായെന്നും വിലയിരുത്തുന്നു.
‘പിഎം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ വിവാദം കൈകാര്യം ചെയ്യുന്നതിലും പാർട്ടിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ടിലെ മറ്റൊരു വിമർശനം. ഈ വിഷയം മുന്നണിക്കുള്ളിൽ അഭിപ്രായഭിന്നത സൃഷ്ടിക്കുകയും, ബിജെപിയുമായുള്ള രാഷ്ട്രീയ ഒത്തുകളിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തിപ്പെടുത്താൻ അവസരമൊരുക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഘടനാപരമായ പോരായ്മകൾ പരിഹരിക്കുന്നതിനും പാർട്ടി-സർക്കാർ ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായി വരും ദിവസങ്ങളിൽ വിപുലമായ സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ചേരാൻ സിപിഎം തീരുമാനിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വിലയിരുത്തലുകളെക്കുറിച്ച് പാർട്ടി നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.