
തിരുവനന്തപുരം: കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസിന്റെ ക്രൂരമർദനമാണ് സിയാദിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. സിയാദിന്റെ വാരിയെല്ല് പൊട്ടിയതായി ഡോക്ടർമാർ അറിയിച്ചുവെന്ന് ഭാര്യ ആരോപിക്കുന്നു. പൊലീസ് ജീപ്പിൽ കയറ്റിയതു മുതൽ തന്നെ മർദനം ആരംഭിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
അയൽവാസിയായ 13 വയസുകാരനെ കാണാതായെന്ന പരാതിയെ തുടർന്നാണ് ജൂൺ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ച് സിയാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സിയാദിനെ വിട്ടുകിട്ടാനായി ഭാര്യയും മകളും ജൂൺ 17-ന് പുലർച്ചെ വരെ പൊലീസ് സ്റ്റേഷനിൽ കാത്തിരുന്നുവെന്നും, കാണാതായതായി കരുതിയ കുട്ടി പിറ്റേന്ന് രാവിലെ തിരിച്ചെത്തിയ ശേഷമാണ് സിയാദിനെ വിട്ടയച്ചതെന്നും പോസ്റ്റിൽ പറയുന്നു.
കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പൊലീസ് ക്രൂരമായി മർദിച്ചതായി സിയാദ് ഭാര്യയോടും സുഹൃത്തിനോടും പറഞ്ഞിരുന്നുവെന്നും, ശരീരമാസകലം കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കൊല്ലം ജില്ലാ ആശുപത്രിയിലെ പരിശോധനയിലാണ് വാരിയെല്ല് തകർന്നതും അണുബാധയുണ്ടായതും കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ സിയാദ് മരിക്കുകയായിരുന്നു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായ മുഴുവൻ കുറ്റവാളികളെയും എത്രയും വേഗം നിയമത്തിന് മുന്നിലെത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.