
കൊല്ലം: ചക്കുവള്ളി ചിറയിൽ കാണാതായ ആളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. പോരുവഴി പള്ളിമുറി ചിറയുടെ തെക്കതിൽ ബാബു ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് ബാബുവിനെ ചക്കുവള്ളി ചിറയിൽ കാണാതായത്. സമീപവാസികളായ സ്ത്രീകളാണ് ഒരാൾ ചിറയിൽ മുങ്ങിത്താഴുന്നത് കണ്ടതായി നാട്ടുകാരെ അറിയിച്ചത്. തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം റിഷാദിന്റെ നേതൃത്വത്തിൽ ശൂരനാട് പൊലീസിനെയും ശാസ്താംകോട്ട അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ ശാസ്താംകോട്ട അഗ്നിരക്ഷാസേന രാത്രി വൈകുംവരെ തിരച്ചിൽ നടത്തിയെങ്കിലും ബാബുവിനെ കണ്ടെത്താനായില്ല. തുടർന്ന് കൊല്ലത്തുനിന്നെത്തിയ സ്കൂബ ഡൈവിംഗ് സംഘത്തിന്റെ സഹായത്തോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്.
ശാസ്താംകോട്ട അഗ്നിരക്ഷാസേനയും കൊല്ലം സ്കൂബ സംഘവും ചേർന്ന് നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ബാബുവിന്റെ മൃതദേഹം ചിറയിൽ നിന്ന് കണ്ടെത്തി.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.