
കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ മലയോര, ആദിവാസി മേഖലകളിലെ രൂക്ഷമായ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി പ്രശ്നത്തിന് പരിഹാരമായി രണ്ട് പുതിയ മൊബൈൽ ടവറുകൾ നിർദേശിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ഇടപെടലിനെ തുടർന്നാണ് ഡിജിറ്റൽ ഭാരത് നിധി (DBN) പദ്ധതിയിൽ ടവറുകൾ ഉൾപ്പെടുത്താൻ നിർദേശം ലഭിച്ചതെന്ന് എംപി അറിയിച്ചു.

മുള്ളുമല–പിറവന്തൂർ മേഖലയിലും പിറവന്തൂരിലും ഓരോ ടവർ വീതമാണ് നിർദേശിച്ചിരിക്കുന്നത്. ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ഇക്കാര്യം എംപിയെ അറിയിച്ചിട്ടുണ്ട്.
പിറവന്തൂർ, മുള്ളുമല, മാഞ്ചല്ലൂർ, പട്ടാഴി വടക്കേക്കര തുടങ്ങിയ പ്രദേശങ്ങളിലെ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൊടിക്കുന്നിൽ സുരേഷ് എംപി നേരത്തെ കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ തുടർനടപടിയായി 2026 ഓഗസ്റ്റ് 17-ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്, വിവിധ ടെലികോം സേവനദാതാക്കൾ, ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി മൊബൈൽ നെറ്റ്‌വർക്ക് കവറേജ് പരിശോധന നടത്തി.
പരിശോധനയിൽ വിവിധ പ്രദേശങ്ങളിൽ സിഗ്നൽ ലഭ്യതയിൽ ഗുരുതരമായ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് ടവറുകൾ നിർദേശിച്ചത്. ഊളപ്പാറ മേഖലയിലെ കണക്റ്റിവിറ്റി പ്രശ്നം പരിഹരിക്കുന്നതിനായി മുള്ളുമല–പിറവന്തൂർ പ്രദേശത്തും, കീഴായം–സന്യാസിക്കോണം മേഖലയ്ക്കായി പിറവന്തൂരിലും ടവർ സ്ഥാപിക്കാനാണ് നിർദേശം.

വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, ഓൺലൈൻ സർക്കാർ സേവനങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ, അടിയന്തര ആശയവിനിമയം തുടങ്ങിയ മേഖലകളിൽ മൊബൈൽ കണക്റ്റിവിറ്റി അനിവാര്യമായ സാഹചര്യത്തിൽ, മലയോര-ആദിവാസി മേഖലകളിൽ ഇത് അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമാണെന്ന് എംപി ചൂണ്ടിക്കാട്ടി.
രണ്ട് ടവറുകളും വേഗത്തിൽ യാഥാർഥ്യമാക്കുന്നതിനും പത്തനാപുരം മണ്ഡലത്തിലെ ശേഷിക്കുന്ന കണക്റ്റിവിറ്റി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള ടെലികോം സേവനദാതാക്കളുമായി തുടർന്നും ഇടപെടുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.