
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ മത്സ്യ കയറ്റുമതി ഇരട്ടിയായി, 62,000 കോടി രൂപയിലധികമായെന്ന് ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജൻ സിംഗ് ഇന്ന് രാജ്യസഭയെ ചോദ്യോത്തര വേളയിൽ അറിയിച്ചു. 2013–14ൽ രാജ്യത്തെ മത്സ്യ കയറ്റുമതി 30,000 കോടി രൂപയിൽ കൂടുതലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സപ്ലിമെന്ററികൾക്ക് മറുപടി നൽകിക്കൊണ്ട്, രാജ്യം മത്സ്യ ഉൽപാദനത്തിൽ കുത്തനെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും 2013–14ൽ 95.7 ലക്ഷം ടണ്ണിൽ നിന്ന് 2023–24ൽ 197 ലക്ഷം ടണ്ണായി വർദ്ധിച്ചുവെന്നും മന്ത്രി എടുത്തുപറഞ്ഞു.
ഉൽപ്പാദനത്തിലെ കുതിപ്പ് മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവിന് നേരിട്ട് കാരണമായെന്നും തീരദേശ, ഉൾനാടൻ മത്സ്യബന്ധന സമൂഹങ്ങളിലെ ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്തിയെന്നും ശ്രീ സിംഗ് പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സ്യബന്ധന മേഖലയെ ആധുനികവൽക്കരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സുസ്ഥിര മത്സ്യകൃഷിയെ പിന്തുണയ്ക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മത്സ്യബന്ധന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ആഗോള സമുദ്രോത്പന്ന വിപണികളിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും തുടർച്ചയായ ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.