You are currently viewing നിലമേൽ വാഹനാപകടം: രണ്ട് മരണം, ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം

നിലമേൽ വാഹനാപകടം: രണ്ട് മരണം, ഏഴ് വയസ്സുകാരന്റെ നില അതീവ ഗുരുതരം

നിലമേൽ വാഴോട് ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസ്സും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ രണ്ട് പേർ മരിച്ചു. കാറിലുണ്ടായിരുന്ന ഏഴ് വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ (38), സതീഷ് (45) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന ഏഴ് വയസ്സുള്ള ദേവപ്രയാഗിന് ഗുരുതര പരിക്കുകളേറ്റു.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച കാറാണ് തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോയ കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

കടക്കലിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം കാറിൽ കുടുങ്ങിയ ഒരാളെ പുറത്തെടുക്കുകയായിരുന്നു. മൂവരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബിച്ചു ചന്ദ്രനും സതീഷും മരിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ചടയമംഗലം പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും സഹായത്തോടെ വാഹനങ്ങൾ മാറ്റിയതിന് ശേഷം എംസി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply