You are currently viewing പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ അതിക്രമം; സഹയാത്രികയുടെ ജാഗ്രതയിൽ പ്രതി പിടിയിൽ

പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ അതിക്രമം; സഹയാത്രികയുടെ ജാഗ്രതയിൽ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം-ചെങ്കോട്ട റൂട്ടിൽ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസിൽ ആറുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ പ്രതിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തെങ്കാശി സ്വദേശികളായ കുടുംബം പത്തനംതിട്ട എടത്വാ പള്ളിയിലെ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.

മെയ് 7-ന് പുലർച്ചെ 1.30ഓടെ ട്രെയിൻ തെങ്കാശിയിലേക്ക് സഞ്ചരിക്കുമ്പോഴാണ് അതിക്രമമുണ്ടായത്. ജനറൽ കമ്പാർട്ട്‌മെന്റിൽ മുത്തച്ഛനോടൊപ്പം തറയിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ പ്രതി തന്ത്രപൂർവ്വം തന്റെ സീറ്റിലേക്ക് മാറ്റി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.

ട്രെയിനിലുണ്ടായിരുന്ന വീണ എന്ന സഹയാത്രികയുടെ ജാഗ്രതയാണ് പ്രതിയെ പിടികൂടാൻ നിർണായകമായത്. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അവർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ഉടൻ റെയിൽവേ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

വിവരം ലഭിച്ചതിനെ തുടർന്ന് പുനലൂർ റെയിൽവേ പോലീസ് ത്വരിതമായി ഇടപെട്ട് പ്രതിയെ പിടികൂടി. കൊല്ലം അയത്തിൽ സ്വദേശിയായ സാനിഷ് (40) ആണ് അറസ്റ്റിലായത്. ചിക്കൻ സ്റ്റാൾ ജീവനക്കാരനായ ഇയാൾ വധശ്രമം ഉൾപ്പെടെയുള്ള മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

സമയോചിതമായി ഇടപെട്ട് തെളിവുകൾ ശേഖരിച്ച സഹയാത്രികയെ റെയിൽവേ പോലീസ് പ്രത്യേകം അഭിനന്ദിച്ചു.

Leave a Reply