
കൊല്ലം: കുണ്ടറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനം പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച (ജൂൺ 1) വൈകിട്ട് ആറുമണിയോടെയാണ് സംഭവം.

കുണ്ടറ കുഴിമതിക്കാട് നിന്നും അംബിപ്പൊയ്കയിലേക്ക് പോകുന്ന വഴിയിൽ ഉണ്ടായ അപകടത്തിൽ ഭരണിക്കാവ് സ്വദേശി മനുവിന്റെ കാറാണ് അഗ്നിക്കിരയായത്. കൊല്ലത്തു നിന്ന് കുഴിമതിക്കാടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ വാഹനം റോഡരികിൽ നിർത്തിയ മനുവും കൂടെയുണ്ടായിരുന്ന മറ്റൊരാളും പുറത്തിറങ്ങിയതോടെ വലിയ അപകടമാണ് ഒഴിവായത്. ഏതാനും നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് കാർ മുഴുവനായും കത്തിനശിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികൾ ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങി. തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർഫോഴ്സിന്റെ ഒരു യൂണിറ്റ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു.
കാറിന് തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.