You are currently viewing ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ശാസ്താംകോട്ട: ശക്തികുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ കൊല്ലപ്പെട്ട കുന്നത്തൂർ കീച്ചപ്പള്ളി സ്വദേശി ഹരികൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ട ഹരികൃഷ്ണന്റെ മാതാപിതാക്കൾക്ക് ആവശ്യമായ നിയമസഹായവും പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പാർക്കിൻസൺസ് രോഗബാധിതനായ പിതാവ് ജയസേനനും ഭിന്നശേഷിക്കാരിയായ മാതാവ് രജനിയും ഉല്ലാസ് കോവൂർ എം.എൽ.എയോടൊപ്പമാണ് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഘോഷയാത്ര മുറിച്ച് കടന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ഗുണ്ടാസംഘം ഹരികൃഷ്ണനെ മർദിച്ച് കൊലപ്പെടുത്തിയതായാണ് കുടുംബത്തിന്റെ പരാതി.

പോളിടെക്നിക് വിദ്യാർത്ഥിയായിരുന്ന ഹരികൃഷ്ണൻ പഠനത്തിൽ മികവ് പുലർത്തിയിരുന്നുവെന്നും കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകനെ നഷ്ടപ്പെട്ടത് തീരാനഷ്ടമാണെന്നും മാതാപിതാക്കൾ മുഖ്യമന്ത്രിയോട് പറഞ്ഞു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കുടുംബം പരാതി സമർപ്പിച്ചത്.

ഹരികൃഷ്ണന്റെ സഹോദരൻ ജയകൃഷ്ണൻ, ഹരികൃഷ്ണൻ കുടുംബസഹായ സമിതി ജനറൽ കൺവീനർ ജി. ബാഹുലേയൻ, കീച്ചപ്പള്ളി പുഷ്പാംഗദൻ എന്നിവരും മാതാപിതാക്കൾക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയേയും സംഘം നേരിൽ കണ്ട് പരാതി നൽകി.

Leave a Reply