
സി.ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സർക്കാർ അധികാരമേറ്റ് തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമായി. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന വമ്പിച്ച ചടങ്ങിൽ വിജയ് തമിഴ്നാട്ടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ഒമ്പത് മന്ത്രിമാരും വിജയിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഏകദേശം ആറു പതിറ്റാണ്ടോളം തമിഴ്നാട് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയ ഡിഎംകെ എഐഡിഎംകെ എന്നീ ദ്രാവിഡ കക്ഷികളുടെ അധിപത്യത്തിന് വിരാമമിട്ടാണ് ടിവികെ സഖ്യം അധികാരത്തിലെത്തിയത്. കോൺഗ്രസ്, വി.സി.കെ, ഐ.യു.എം.എൽ, ഇടത് പാർട്ടികൾ എന്നിവയുടെ പിന്തുണയോടെയാണ് വിജയ് സർക്കാർ രൂപീകരിച്ചത്.
സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ജനക്കടലിനെ സാക്ഷിയാക്കി നടത്തിയ ആദ്യ പ്രസംഗത്തിൽ വിജയ് വികാരാധീനനായി. “ഞാൻ രാജകീയ രാഷ്ട്രീയ പാരമ്പര്യമുള്ള ആളല്ല. നിങ്ങളിൽ ഒരാളാണ് ഞാൻ. സാധാരണ ജീവിതം നയിക്കുന്ന ഒരു സാധാരണ മനുഷ്യൻ മാത്രമാണ്,” എന്ന് അദ്ദേഹം പറഞ്ഞു. ദാരിദ്ര്യവും വിശപ്പും നേരിട്ട ഒരു അസിസ്റ്റന്റ് സിനിമാ സംവിധായകന്റെ മകനായാണ് താൻ വളർന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സിനിമയിൽ നിന്ന് സംസ്ഥാനത്തിന്റെ പരമോന്നത പദവിയിലേക്കുയർത്തിയ ജനങ്ങളോടുള്ള നന്ദിയും വിജയ് രേഖപ്പെടുത്തി. പ്രത്യേകിച്ച് യുവാക്കളും കുട്ടികളും ടിവികെയ്ക്കായി നടത്തിയ പ്രചാരണത്തെ അദ്ദേഹം അഭിനന്ദിച്ചു. “ഇത് ഒരു പുതിയ തുടക്കമാണ്. യഥാർത്ഥ മതനിരപേക്ഷ സാമൂഹ്യനീതിയുടെ പുതിയ കാലഘട്ടം ഇനി ആരംഭിക്കുന്നു,” എന്നും വിജയ് പ്രഖ്യാപിച്ചു.
മുൻ ഡി.എം.കെ സർക്കാരിന്റെ സാമ്പത്തിക നടത്തിപ്പിനെ വിമർശിച്ച വിജയ്, തമിഴ്നാടിന്റെ കടബാധ്യത ₹10 ലക്ഷം കോടിയിലേറെ എത്തിയെന്ന് ആരോപിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വൈറ്റ് പേപ്പർ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
അഴിമതിക്കെതിരെ ശക്തമായ നിലപാടും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ പ്രതിഫലിച്ചു. “പൊതുജനങ്ങളുടെ ഒരു രൂപ പോലും ഞാൻ ദുരുപയോഗം ചെയ്യില്ല. സമ്പാദ്യത്തിനായല്ല ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്,” എന്ന് വിജയ് വ്യക്തമാക്കി. ജനങ്ങൾക്ക് നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
മുഖ്യമന്ത്രിയായ ശേഷം വേദിയിൽ വെച്ചുതന്നെ വിജയ് ആദ്യ ഔദ്യോഗിക ഫയലുകളിൽ ഒപ്പുവച്ചു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക വനിതാ സംരക്ഷണ സേന, എല്ലാ ജില്ലകളിലും മയക്കുമരുന്ന് വിരുദ്ധ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കൽ എന്നിവയാണ് ആദ്യ തീരുമാനങ്ങളായി പ്രഖ്യാപിച്ചത്. സ്ത്രീസുരക്ഷയും മയക്കുമരുന്നിനെതിരായ ‘സീറോ ടോളറൻസ്’ നയവും സർക്കാരിന്റെ അടിയന്തര മുൻഗണനകളായി പ്രഖ്യാപിച്ചു.
ചടങ്ങിൽ രാഹുൽ ഗാന്ധിഉൾപ്പെടെയുള്ള ദേശീയ രാഷ്ട്രീയ നേതാക്കളും സിനിമാരംഗത്തെ പ്രമുഖരും വിജയിയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം തമിഴ്നാട് മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ നടനെന്ന പ്രത്യേകതയും വിജയ് സ്വന്തമാക്കി.
“ശക്തമായ തമിഴ്നാട് ഒരുമിച്ച് പണിയാം” എന്ന ആഹ്വാനത്തോടെയാണ് വിജയ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിൽ ചടങ്ങും പ്രസംഗവും “ജനവിജയം” എന്നും തമിഴ്നാട് രാഷ്ട്രീയത്തിലെ “പുതിയ അധ്യായം” എന്നും വിശേഷിപ്പിച്ച് വലിയ ആഘോഷമാണ് നടക്കുന്നത്.