
പാലക്കാട്: പട്ടാമ്പി വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ചെറുകര ഏലംകുളം സ്വദേശികളായ മേലേപ്പുറത്ത് രാജുവിന്റെയും വിനീതയുടെയും ഏകമകൻ അശ്വിൻ കൃഷ്ണ (13) ആണ് മരിച്ചത്. കുന്നക്കാവ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് അശ്വിൻ.

ഇന്ന് രാവിലെ ഏകദേശം 9 മണിയോടെയായിരുന്നു അപകടം. ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിൻ അശ്വിൻ കൃഷ്ണയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. വല്ലപ്പുഴ മാട്ടായയിലെ കുടുംബ വീട്ടിൽ താമസിച്ചിരുന്ന അശ്വിൻ, സാധാരണയായി രാവിലെ 7.20ന് ഉള്ള ട്രെയിനിലാണ് സ്കൂളിലേക്ക് പോകാറുണ്ടായിരുന്നത്. എന്നാൽ ഇന്ന് പരീക്ഷ ഉണ്ടായിരുന്നതിനാൽ പതിവ് സമയത്തിന് പകരം അടുത്ത ട്രെയിനിൽ കയറാൻ സ്റ്റേഷനിൽ കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.