
പാലക്കാട്: നെന്മാറ നിയമസഭ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂം തുറക്കുമെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള പ്രധാന സ്ട്രോങ്ങ് റൂമിന് പകരം, വരണാധികാരിയുടെ രേഖകൾ സൂക്ഷിച്ചിരിക്കുന്ന മെറ്റീരിയൽ റൂം (റിസർവ് റൂം) മാത്രമാണ് തുറക്കാൻ തീരുമാനിച്ചിരുന്നതെന്ന് കളക്ടർ വ്യക്തമാക്കി.

പ്രിസൈഡിങ് ഓഫീസർ അബദ്ധത്തിൽ അകത്തുവെച്ചു മറന്നുപോയ ഡയറിയും മറ്റ് സുപ്രധാന രേഖകളും തിരികെെടുക്കുന്നതിനായാണ് മെറ്റീരിയൽ റൂം തുറക്കാൻ ആലോചിച്ചതെന്ന് അധികൃതർ അറിയിച്ചു. സ്ട്രോങ്ങ് റൂം തുറക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ, മുറി തുറക്കാനുള്ള തീരുമാനം താൽക്കാലികമായി റദ്ദാക്കിയതായും കളക്ടർ പറഞ്ഞു.
സ്ഥാനാർഥികളെയും അവരുടെ ഏജന്റുമാരെയും രേഖാമൂലം അറിയിച്ച ശേഷവും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചതിനുശേഷവും മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
വോട്ടിങ് യന്ത്രങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്നും സീൽ ചെയ്ത സ്ട്രോങ്ങ് റൂമുകൾ തുറക്കില്ലെന്നും അധികൃതർ ഉറപ്പുനൽകി.
നെന്മാറ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ പാലക്കാട് വിക്ടോറിയ കോളേജിൽ സജ്ജീകരിച്ച സ്ട്രോങ്ങ് റൂമിലാണുള്ളത്.