You are currently viewing ക്രൈസ്തവരെ രണ്ടാംകിട പൗരന്മാരായി കാണുന്നു; അതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു – സിബിസിഐ

ക്രൈസ്തവരെ രണ്ടാംകിട പൗരന്മാരായി കാണുന്നു; അതൃപ്തി തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു – സിബിസിഐ

തിരുവനന്തപുരം |ക്രൈസ്തവ സമൂഹത്തോട് സർക്കാർ രണ്ടാംകിട പൗരന്മാരെപ്പോലെ പെരുമാറുന്നുവെന്ന ശക്തമായ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നും, അത് കേരളത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിച്ചുവെന്നും സിബിസിഐ വ്യക്തമാക്കി. സിബിസിഐ വക്താവായ ഫാദർ മാത്യു കോയിക്കൽ ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലിന്റെ ഭാഗമായാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വിവിധ വിഷയങ്ങളിൽ ക്രൈസ്തവ സമൂഹത്തോടുള്ള സർക്കാരിന്റെ സമീപനം വിവേചനപരമാണെന്ന തോന്നൽ സഭകൾക്കിടയിൽ ശക്തമാണെന്ന് ഫാദർ മാത്യു കോയിക്കൽ പറഞ്ഞു.

എയ്ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അദ്ദേഹം, മറ്റൊരു വിഭാഗത്തിന് കോടതി വിധിയനുസരിച്ച് നിയമനങ്ങൾ സാധുവാക്കി നൽകിയപ്പോൾ, അതേ ആനുകൂല്യം ക്രൈസ്തവ മാനേജ്മെന്റുകൾക്ക് ലഭിച്ചില്ലെന്നും ആരോപിച്ചു. ഇത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സമൂഹത്തെയും ഗൗരവമായി ബാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ ഇത്തരം നിലപാടുകളോടുള്ള അസംതൃപ്തിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും, ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

Leave a Reply