ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന്റെ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി. കെ.എസ്.യു ഉയർത്തിയ എതിർപ്പുകൾക്കിടയിലും അഡ്വ. ജിയോണ ജെയിംസിനെ ഗവൺമെന്റ് പ്ലീഡർ സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. നിയമനം യോഗ്യതയും നിലവിലുള്ള മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് നടത്തിയതെന്നും, അതിനാൽ സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോ കോളജ് പഠനകാലത്ത് ജിയോണ ജെയിംസ് എസ്.എഫ്.ഐ പ്രവർത്തകയായിരുന്നുവെന്നും ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നുമാണ് കെ.എസ്.യു ആരോപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനത്തിനെതിരെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അലോഷ്യസ് സേവ്യർ, സംഘടനയുടെ ആശങ്കകൾ മുഖ്യമന്ത്രിയെ വിശദമായി അറിയിച്ചിട്ടുണ്ടെന്നും സർക്കാരിലും പാർട്ടിയിലും വിശ്വാസമുണ്ടെന്നും പറഞ്ഞു. വിഷയത്തിൽ സർക്കാരുമായി പരസ്യമായ ഏറ്റുമുട്ടലിന് കെ.എസ്.യു തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.