തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നവാസ് (34) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിച്ചത്.
ഞായറാഴ്ച രാത്രി 9.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. വെമ്പായത്തെ ബാറിലെ എസി ഹാളിൽ മദ്യപിക്കുന്നതിനിടെ പ്രതിയായ അനീഷും നവാസിന്റെ സംഘവും തമ്മിൽ വാക്കുതർക്കവും കൈയേറ്റവും ഉണ്ടായി. തർക്കത്തെ തുടർന്ന് പുറത്തുപോയ അനീഷ് കന്നാസിൽ പെട്രോളുമായി തിരിച്ചെത്തി നവാസിനും സംഘത്തിനും നേരെ പെട്രോളൊഴിച്ച ശേഷം ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ആക്രമണത്തിൽ നവാസിന് 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ ഫലിക്കാതെ മരണം സംഭവിക്കുകയായിരുന്നു.
തീകൊളുത്തുന്നതിനിടെ പ്രതിയായ അനീഷിന്റെ ശരീരത്തിലും പെട്രോൾ പടർന്ന് ഗുരുതരമായി പൊള്ളലേറ്റു. ഇയാൾ നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലാണ്. സംഭവത്തിൽ ശ്യാം, റിയാസ്, അരുൺ, നൗഫൽ എന്നിവർക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
നവാസിന്റെ മരണത്തെ തുടർന്ന് വെഞ്ഞാറമൂട് പോലീസ് കേസിലെ വകുപ്പുകൾ വധശ്രമത്തിൽ നിന്ന് കൊലപാതകക്കുറ്റമായി മാറ്റി അന്വേഷണം ശക്തമാക്കി. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും തർക്കത്തിന് കാരണമായ സംഭവവികാസങ്ങളും ഉൾപ്പെടെ വിശദമായി അന്വേഷിച്ചുവരികയാണ്.