കാസർകോട്: ഉക്രൈൻ–റഷ്യ യുദ്ധത്തിനിടെ ഉക്രൈന്റെ ഒഡേസ തീരത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയൻ (26) കൊല്ലപ്പെട്ടു. വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കൽ ജോയൻ–സാലി ദമ്പതികളുടെ ഏകമകനാണ്.
ജോലിസ്ഥലത്തുനിന്ന് ഇമെയിൽ സന്ദേശം ലഭിച്ചതോടെയാണ് അഖിലിന്റെ മരണവിവരം കുടുംബം അറിഞ്ഞത്. ഒരു മാസം മുൻപാണ് അവധിക്ക് നാട്ടിലെത്തി വിവാഹം ഉറപ്പിച്ച ശേഷം അഖിൽ വീണ്ടും ജോലിക്കായി വിദേശത്തേക്ക് മടങ്ങിയത്.
ഗിനിയ-ബിസാവു പതാകയുള്ള ‘ഗോൾഡൻ ലിയോ’ എന്ന ചരക്കുകപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണമുണ്ടായതെന്ന് ഉക്രെയ്ൻ വ്യോമസേന അറിയിച്ചു. ആക്രമണത്തിൽ അഖിൽ ജോയൻ ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായാണ് വിവരം. കപ്പലിലുണ്ടായിരുന്ന എട്ട് പേരെ രക്ഷപ്പെടുത്തിയതായും ഉക്രെയ്ൻ നാവികസേന അറിയിച്ചു. ആകെ 17 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇന്ത്യൻ, സിറിയൻ പൗരന്മാരായിരുന്നു കപ്പലിലെ ജീവനക്കാർ. ആക്രമണത്തിൽ ഉക്രെയ്ൻ സ്വദേശിയായ ഒരു പൈലറ്റും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
19-ാം വയസ്സിൽ മർച്ചന്റ് നേവിയിൽ ജോലിക്ക് ചേർന്ന അഖിൽ മികച്ച വടംവലി താരമായിരുന്നു. ഫിംഗർ പുള്ളിംഗിൽ ലോക റെക്കോർഡ് സ്വന്തമാക്കിയ വ്യക്തി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ കുടുംബത്തിന് ലഭ്യമായിട്ടില്ല. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ബന്ധുക്കൾ തുടരുകയാണ്. അഖിലിന്റെ അപ്രതീക്ഷിത വിയോഗം വെള്ളരിക്കുണ്ടിനെയും നാടിനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.