You are currently viewing മുണ്ടൂർ–തൂത സംസ്ഥാനപാതയിലെ അപകടങ്ങൾ കുറയ്ക്കാൻ നടപടി; ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു

മുണ്ടൂർ–തൂത സംസ്ഥാനപാതയിലെ അപകടങ്ങൾ കുറയ്ക്കാൻ നടപടി; ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു

പാലക്കാട്: മുണ്ടൂർ–തൂത സംസ്ഥാനപാതയിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്നു. ഷൊർണൂർ എംഎൽഎ പി. മമ്മിക്കുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചുചേർത്തത്.

സംസ്ഥാനപാതയിൽ അപകടസാധ്യത കുറയ്ക്കാൻ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നും ഉപറോഡുകൾ സംസ്ഥാനപാതയുമായി ചേരുന്ന ഭാഗങ്ങളിലെ സൗകര്യങ്ങൾ വിപുലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഏതാനും ദിവസം മുമ്പ് എംഎൽഎ പാലക്കാട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

പരാതി പരിഗണിച്ചാണ് പദ്ധതി പ്രദേശത്തെ എംഎൽഎമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത്, നഗരസഭ ഭരണസമിതി അധ്യക്ഷൻമാർ എന്നിവരുടെ യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ മന്ത്രി തുളസി, എംഎൽഎമാരായ അഡ്വ. കെ. പ്രേംകുമാർ, എ. പ്രഭാകരൻ എന്നിവരും പങ്കെടുത്തു.

ഓരോ പഞ്ചായത്തും അടിസ്ഥാനമാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് സംസ്ഥാനപാതയുടെ സൂക്ഷ്മ പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. പരിശോധനയുടെ അടിസ്ഥാനത്തിൽ അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായ റോഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും, ഉപറോഡുകൾ കൂടിച്ചേരുന്ന ഭാഗങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തി യാത്രക്കാരുടെ സുരക്ഷയും ഗതാഗത സൗകര്യവും വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

മുണ്ടൂർ–തൂത സംസ്ഥാനപാതയിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സ്വീകരിച്ച ഈ തീരുമാനം റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply