
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും അതിഥി തൊഴിലാളി മർദ്ദനമേറ്റു മരിച്ചു. പാലക്കാട് വാളയാറിന് സമീപം മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ചതിനെ തുടർന്നാണ് ചത്തീസ്ഗഢ് സ്വദേശിയായ അതിഥി തൊഴിലാളി മരിച്ചത്.

ഡിസംബർ 17-ന് പാലക്കാട് വാളയാറിനടുത്തുള്ള അട്ടപ്പള്ളത്താണ് സംഭവം നടന്നത്. രാം നാരായൺ (31) എന്ന തൊഴിലാളിയെ മോഷണം നടത്തിയെന്നാരോപിച്ച് ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
ഇതിന് സമാനമായ ഒരു സംഭവത്തിൽ 2018-ൽ പാലക്കാട് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം തല്ലി കൊന്നിരുന്നു.
ഇതിനിടെ, ഇടുക്കി പൂപ്പാറയിലും അതിഥി തൊഴിലാളി കൊല്ലപ്പെട്ട മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തു. തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. പൊലീസ് അന്വേഷണം തുടരുകയാണ്.
തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അതിഥി തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു.