You are currently viewing കോഴഞ്ചേരി പുതിയ പാലം ഫെബ്രുവരിയോടെ തുറക്കും; അവസാന സ്പാൻ നിർമ്മാണം പുരോഗമിക്കുന്നു

കോഴഞ്ചേരി പുതിയ പാലം ഫെബ്രുവരിയോടെ തുറക്കും; അവസാന സ്പാൻ നിർമ്മാണം പുരോഗമിക്കുന്നു

കോഴഞ്ചേരി: ടി.കെ. റോഡിൽ പമ്പാ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന കോഴഞ്ചേരി പുതിയ പാലത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. നിലവിൽ ഒരു സ്പാൻ കൂടി സെറ്റ് ചെയ്താൽ പാലത്തിലൂടെ വാഹനഗതാഗതം ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഫെബ്രുവരിയോടെ മുഴുവൻ നിർമ്മാണവും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് 36.42 കോടി രൂപയാണ് ചെലവായി കണക്കാക്കുന്നത്.

നിലവിലുള്ള കോഴഞ്ചേരി പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. രൂപകൽപ്പനയിൽ രണ്ട് പാലങ്ങളും ഏറെ സമാനമാണെങ്കിലും, പുതിയ പാലത്തിന്റെ ഇരുവശങ്ങളിലും നടപ്പാത ഒരുക്കിയിട്ടുള്ളതാണ് പ്രധാന പ്രത്യേകത. പാലത്തിന് 198.8 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയുമുണ്ട്.
നദിയിൽ നാല് സ്പാനുകളുള്ള പാലത്തിൽ അവസാന സ്പാനിന്റെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അതോടൊപ്പം ഇരു വശങ്ങളിലെയും അപ്രോച്ച് റോഡുകളുടെ നിർമ്മാണവും അവസാന ഘട്ടത്തിലാണ്.

പാലം നിർമ്മാണത്തിന്റെ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. വിവിധ കാരണങ്ങളാൽ മുൻ കരാറുകാരനെ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ കരാറുകാരൻ ചുമതല ഏറ്റെടുത്തത്. പാലം തുറക്കുന്നതോടെ ടി.കെ. റോഡിലെ ഗതാഗതക്കുരുക്കിന് കാര്യമായ ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Leave a Reply