You are currently viewing വിലക്കുറവിന്റെ മികച്ച മാതൃകയാണ് സപ്ലൈക്കോയുടെ ക്രിസ്മസ്–പുതുവത്സര ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്

വിലക്കുറവിന്റെ മികച്ച മാതൃകയാണ് സപ്ലൈക്കോയുടെ ക്രിസ്മസ്–പുതുവത്സര ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്

വിലക്കുറവിന്റെ മികച്ച മാതൃകയാണ് സപ്ലൈക്കോയുടെ ക്രിസ്മസ്–പുതുവത്സര ഫെയറെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സപ്ലൈക്കോ സംഘടിപ്പിക്കുന്ന ക്രിസ്മസ്–പുതുവത്സര ജില്ലാ ഫെയർ മറൈൻഡ്രൈവ് ഹെലിപ്പാട് മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സപ്ലൈക്കോയുടെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുമെന്നും പൊതുജനം ഈ സൗകര്യം പരമാവധി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫെയറിലെ ആദ്യ വിൽപ്പനയും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദുവും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഫെയറിനോടനുബന്ധിച്ച് 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും ലഭ്യമാക്കിയിട്ടുണ്ട്. 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്കുമുകളിൽ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. സബ്‌സിഡി നിരക്കിലുള്ള വെളിച്ചെണ്ണയുടെ വില ലിറ്ററിന് 10 രൂപ കുറച്ച് 309 രൂപയാക്കി; ഒരാൾക്ക് രണ്ട് ലിറ്റർ വരെ ഈ നിരക്കിൽ ലഭിക്കും. സബ്‌സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപയാക്കി. കൂടാതെ ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയ സബ്‌സിഡി ഇനങ്ങൾക്ക് കിലോഗ്രാമിന് രണ്ട് മുതൽ മൂന്ന് രൂപ വരെ അധികമായി കുറവുണ്ട്. ജനുവരി മാസത്തെ സബ്‌സിഡി സാധനങ്ങൾ ഇന്നുമുതൽ തന്നെ സപ്ലൈക്കോ വിൽപ്പനശാലകളിൽ നിന്ന് മുൻകൂട്ടി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസിനോടനുബന്ധിച്ച് ‘സാൻ്റ ഓഫർ’ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ ഉൾപ്പെട്ട പ്രത്യേക കിറ്റും ഒരുക്കിയിട്ടുണ്ട്. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ തുടങ്ങിയവ ഉൾപ്പെട്ട 667 രൂപ വിലയുള്ള കിറ്റ് 500 രൂപയ്ക്ക് ലഭിക്കും. സപ്ലൈക്കോ പെട്രോൾ പമ്പുകളിൽ നിന്ന് 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും, 1000 രൂപയ്ക്കുമുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും. 1000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പൺ ഉപയോഗിച്ച് 50 രൂപയുടെ ഇളവും ലഭിക്കും.
ഫെയർ ജനുവരി ഒന്നുവരെ തുടരും.

Leave a Reply