You are currently viewing മട്ടന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

മട്ടന്നൂരിൽ സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

ഇരിട്ടി: മട്ടന്നൂർ എടയന്നൂരിൽ അമ്മയും രണ്ട് മക്കളും സഞ്ചരിച്ച സ്‌കൂട്ടിയും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനിയും മട്ടന്നൂർ നെല്ലൂന്നിയിൽ താമസക്കാരിയുമായ നിവേദ (46)യും മകൻ സാത്വിക് (9)യും ആണ് മരിച്ചത്. നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദ് (11) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് അപകടം. എടയന്നൂർ സ്കൂളിന് സമീപം, കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കാണാൻ പോയി മടങ്ങുന്നതിനിടെയാണ് എതിർദിശയിൽ വന്ന കാറുമായി സ്‌കൂട്ടി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിവേദക്കും സാത്വിക്കിനും ഗുരുതര പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

നിവേദയുടെ ഭർത്താവ് ഖത്തറിലാണ്. മൂത്തമകൻ വൈഷ്‌ണവ് ബംഗളൂരുവിൽ പഠിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു; അന്വേഷണം തുടരുകയാണ്.

Leave a Reply