
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

ഏപ്രിൽ 10-നാണ് നിതിൻ രാജിനെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ഉയർന്ന ഗുരുതര ആരോപണങ്ങൾ സംസ്ഥാനവ്യാപക ശ്രദ്ധ നേടിയിരുന്നു.
ജാമ്യാപേക്ഷയിൽ, നിതിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണിയാണ് മരണകാരണമെന്നുമാണ് അധ്യാപകർ വാദിക്കുന്നത്. സംഭവദിവസം താൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും ഡോ. എം.കെ. റാം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ആത്മഹത്യാ പ്രേരണാക്കുറ്റമായ ബി.എൻ.എസ് വകുപ്പ് 108 ഉൾപ്പെടെ, പട്ടികജാതി-പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
നിതിൻ രാജിനെ അധ്യാപകർ ജാതീയമായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. അധ്യാപകരുടെ അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദസന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്.
പരാതികളുടെ അടിസ്ഥാനത്തിൽ ഇരുവരെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഡിപ്പാർട്ട്‌മെന്റ് മേധാവിയായിരുന്ന ഡോ. എം.കെ. റാമിനെ മാനേജ്‌മെന്റ് ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
എ.സി.പി ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. ലോൺ ആപ്പുകളുടെ ഭീഷണിയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.