
പാലാ നഗരസഭയുടെ അധ്യക്ഷയായി ദിയ ബിനു പുളിക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ദിയ ബിനു, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷമാരിൽ ഒരാളായി ചരിത്രം കുറിച്ചു.

26 അംഗ നഗരസഭയിൽ നടന്ന തെരഞ്ഞെടുപ്പിൽ ദിയ ബിനു 14 വോട്ടുകൾ നേടി വിജയിച്ചപ്പോൾ, എതിർസ്ഥാനാർഥിയായ കേരള കോൺഗ്രസ് (എം) അംഗം ബെറ്റി ഷാജുവിന് 12 വോട്ടുകൾ ലഭിച്ചു. പുളിക്കണ്ടം കുടുംബത്തിലെ മൂന്ന് സ്വതന്ത്ര അംഗങ്ങളുടെയും ഒരു കോൺഗ്രസ് വിമത അംഗത്തിന്റെയും പിന്തുണയോടെയാണ് നഗരസഭയിൽ യുഡിഎഫ് അധികാരം ഉറപ്പിച്ചത്.
ദിയ ബിനുവിന്റെ പിതാവ് ബിനു പുളിക്കണ്ടവും അമ്മാവൻ ഷിജു പുളിക്കണ്ടവും നിലവിൽ നഗരസഭാ കൗൺസിലർമാരാണ്. പതിറ്റാണ്ടുകളായി പാലാ നഗരസഭയിലെ ശക്തികേന്ദ്രമായി നിലകൊണ്ടിരുന്ന കേരള കോൺഗ്രസ് (എം) ഇതോടെ പ്രതിപക്ഷത്തേക്ക് മാറി.
പുതിയ അധ്യക്ഷയുടെ തെരഞ്ഞെടുപ്പ് നഗരസഭാ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിനാണ് വഴിതെളിച്ചിരിക്കുന്നത്.