
കോട്ടയം: കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്ത് ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ വീട് തകർന്ന് അമ്മയും മകനും ദാരുണമായി മരിച്ചു. മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീന (46), മകൻ ജോസഫിൻ ജോണി (24) എന്നിവരാണ് മരണപ്പെട്ടത്.
കനത്ത മഴയെ തുടർന്ന് ഇടമല ഭാഗത്തുനിന്ന് മലമുകളിൽ നിന്ന് കുത്തിയൊലിച്ചെത്തിയ മണ്ണും കല്ലും വീടിന് മുകളിലേക്ക് പതിച്ചതോടെയാണ് ദുരന്തമുണ്ടായത്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വീട് പൂർണമായും തകർന്നടിഞ്ഞ് മണ്ണിനടിയിലാകുകയായിരുന്നു. വീട് നിലനിന്നിരുന്ന സ്ഥലം ഇപ്പോൾ മൺകൂനയായി മാറിയിരിക്കുകയാണ്.
അപകടത്തിൽ മരിച്ച ജോസഫിൻ ജോണിക്ക് ഒരു മാസം മുമ്പ് ഉണ്ടായ ബൈക്ക് അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിൽ പ്ലാസ്റ്ററിട്ട് വീട്ടിൽ വിശ്രമത്തിലായിരുന്നതിനാൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
അപകടസമയത്ത് കുടുംബനാഥനായ ജോണി സമീപത്തെ വീട്ടിലായിരുന്നതിനാലും, ഇളയ മകൾ മറ്റൊരു ബന്ധുവീട്ടിലായിരുന്നതിനാലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ്, പൊലീസ്, നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തി. ഒടുവിൽ മണ്ണിനടിയിൽപ്പെട്ട നിലയിൽ റെജീനയുടെയും ജോസഫിൻ ജോണിയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആവശ്യമായാൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു.