You are currently viewing പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയും ഉരുൾപൊട്ടലും; സുരക്ഷയ്ക്കായി വ്യാപക വൈദ്യുതി വിച്ഛേദനം

പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയും ഉരുൾപൊട്ടലും; സുരക്ഷയ്ക്കായി വ്യാപക വൈദ്യുതി വിച്ഛേദനം

പത്തനംതിട്ട: ജില്ലയിൽ കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ മഴയും മിന്നൽപ്രളയവും ഉരുൾപൊട്ടലും വൈദ്യുതി ശൃംഖലയെ ഗുരുതരമായി ബാധിച്ചു. പ്രളയസമാന സാഹചര്യത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി ട്രാൻസ്ഫോർമറുകളും ഫീഡറുകളും ഓഫ് ചെയ്തതായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) അറിയിച്ചു.

പത്തനംതിട്ട ഡിവിഷൻ പരിധിയിലെ വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, കോഴഞ്ചേരി, ആറന്മുള, വകയാർ, കോന്നി, അയിരൂർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കല്ലേലി മേഖലയിലുണ്ടായ ഉരുൾപൊട്ടലും വൈദ്യുതി വിതരണ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വെള്ളക്കെട്ട് മൂലം അപകടസാധ്യത ഉയർന്നതിനാൽ വടശ്ശേരിക്കരയിൽ 99, റാന്നി പെരുനാട് 63, റാന്നി സൗത്ത് 108, കോഴഞ്ചേരി 2, വകയാർ 25, കോന്നി 168, റാന്നി നോർത്ത് 60, അയിരൂർ 87 എന്നിങ്ങനെ നൂറുകണക്കിന് ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്യേണ്ടിവന്നു.

അതേസമയം, വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, ആറന്മുള, കോന്നി, അയിരൂർ സെക്ഷനുകളിലെ എല്ലാ ഫീഡറുകളും നിലവിൽ പ്രവർത്തനരഹിതമാണ്. കോഴഞ്ചേരി സെക്ഷനിലെ ചെറുകോൽ, കോഴഞ്ചേരി ഫീഡറുകളും വകയാർ സെക്ഷനിലെ കല്ലേലി ഫീഡറും ഭാഗികമായി മാത്രമാണ് ചാർജ് ചെയ്തിരിക്കുന്നത്.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് കെഎസ്ഇബിയുടെ മുഴുവൻ ജീവനക്കാരെയും ഫീൽഡിൽ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. പ്രളയസാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കിയ ശേഷം ഘട്ടംഘട്ടമായാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുക. ഉപഭോക്താക്കൾ ക്ഷമയും സഹകരണവും പുലർത്തണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി സംബന്ധമായ അപകടങ്ങൾ ഒഴിവാക്കുന്നതിനും പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി പത്തനംതിട്ടയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. സഹായത്തിനായി 9446009451, 9656469242 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Reply