You are currently viewing കേരളത്തെ ഇന്നത്തെ രീതിയിൽ നിലനിർത്തുന്നത് പ്രവാസികൾ:മന്ത്രി വി. അബ്ദുറഹ്മാൻ

കേരളത്തെ ഇന്നത്തെ രീതിയിൽ നിലനിർത്തുന്നത് പ്രവാസികൾ:മന്ത്രി വി. അബ്ദുറഹ്മാൻ

മലപ്പുറം: കേരളത്തെ ഇന്നത്തെ നിലയിൽ നിലനിർത്തുന്നത് പ്രവാസികളാണെന്നും സാമ്പത്തികമായി സംസ്ഥാനത്തെ ശക്തിപ്പെടുത്തിയതും പ്രവാസി സമൂഹമാണെന്നും കായിക–ന്യൂനപക്ഷ ക്ഷേമ–വഖഫ്–ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. വിഷൻ 2031 പദ്ധതിയുടെ ഭാഗമായി പ്രവാസി കാര്യ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വളർച്ച കുടിയേറ്റങ്ങളിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ബാങ്കിങ്, വ്യവസായം തുടങ്ങി എല്ലാ മേഖലയിലുമുള്ള വികസനത്തിന് പിന്നിൽ പ്രവാസികളുടെ നിസ്തുലമായ സംഭാവനയുണ്ട്. പ്രവാസികൾ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകിയ നിലവാരമുള്ള വിദ്യാഭ്യാസവും കേരളത്തെ ‘കാഷ്വൽ വർക്കേഴ്സ്’ എന്ന നിലയിൽ നിന്ന് ‘നോളജബിൾ വർക്കേഴ്സ്’ എന്ന തലത്തിലേക്ക് ഉയർത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിലും പ്രവാസികൾ വൻതോതിൽ നിക്ഷേപം നടത്തുന്നു. സംസ്ഥാനത്തെ ശക്തമായ ബാങ്കിങ് മേഖലയും പ്രവാസി നിക്ഷേപങ്ങളുടെ കരുത്തിലാണ് നിലനിൽക്കുന്നത്. സംരംഭക രംഗത്തും പ്രവാസികളുടെ സാന്നിധ്യം ശക്തമാണ്.

പ്രവാസികളുടെ ക്ഷേമവും വികസനവും ഭാവി പദ്ധതികളും ചർച്ച ചെയ്യാനുള്ള മികച്ച അവസരമാണ് ഈ സെമിനാർ എന്നും മന്ത്രി പറഞ്ഞു.
മലപ്പുറം വുഡ്ബൈൻ ഫോലിയേജിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ സമ്പത്തും അധ്വാനവുമാണ് കേരളം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ലോക കേരള സഭ രാജ്യത്തെ തന്നെ പ്രശംസ നേടിയ മാതൃകയാണെന്നും ഇതിലൂടെ പ്രവാസികൾക്ക് നാട്ടിലെ ജനപ്രതിനിധികളുമായി നേരിട്ട് ഇടപെടാനും തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാനും സാധിച്ചതായും എം.എൽ.എ. വ്യക്തമാക്കി. ലോകമെമ്പാടുമുള്ള മലയാളികളുമായി സംവദിക്കാനും ബന്ധം ശക്തിപ്പെടുത്താനും സർക്കാർ തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply