മലപ്പുറം: ജില്ലാ ആസ്ഥാനമായ മലപ്പുറത്തിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായി. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെയും നേതൃത്വത്തിൽ മലപ്പുറം പി.ഡബ്ല്യു.ഡി ഹൗസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
മലപ്പുറം നഗരത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ദീർഘകാല വികസനം ലക്ഷ്യമിട്ടുള്ള സമഗ്ര മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുക. സിവിൽ സ്റ്റേഷനിലെ 44 ഏക്കർ ഭൂമി പരമാവധി പ്രയോജനപ്പെടുത്താനും കോട്ടപ്പടിയിലെ സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയശേഷം ലഭിക്കുന്ന സ്ഥലം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വിനിയോഗിക്കാനും യോഗം തീരുമാനിച്ചു.
സിവിൽ സ്റ്റേഷനിൽ 65 കോടി രൂപ ചെലവിൽ റവന്യൂ ടവർ നിർമ്മിക്കും. പദ്ധതിക്കായി ആദ്യഘട്ടമായി 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കളക്ടറേറ്റിലെ കോൺഫറൻസ് ഹാൾ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയും തയ്യാറാക്കും.
മലപ്പുറം നഗരസഭാ പരിധിയിലെ 19 റോഡുകളുടെ നവീകരണത്തിന് 84 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മലപ്പുറം–തിരൂർ റോഡ് നവീകരണം, താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയർത്തൽ, ജില്ലയിലെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ എന്നിവയ്ക്കും മാസ്റ്റർ പ്ലാനിൽ പ്രധാന പരിഗണന ലഭിക്കും.
മുണ്ടുപറമ്പ് ബൈപ്പാസ് റോഡ്, അങ്ങാടിപ്പുറം–കൊണ്ടോട്ടി റോഡ്, മോങ്ങം–വള്ളുവമ്പ്രം ബൈപ്പാസ്, മലപ്പുറം–ചെമ്മങ്കടവ്–ചട്ടിപ്പറമ്പ് റോഡ്, മങ്ങാട്ടുപുലം പാലം, പൊന്നാനി–ഊട്ടി റോഡ് നവീകരണം, മലപ്പുറം ടൗൺ ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം, മലപ്പുറം–കാടാമ്പുഴ–വെട്ടിച്ചിറ റോഡ്, മഞ്ചേരി–കിഴിശ്ശേരി റോഡ്, മിനി ഊട്ടി റോഡ് നവീകരണം, നമ്പ്രാണി തടയണ ടൂറിസം പദ്ധതി, കോട്ടപ്പടി ജംഗ്ഷൻ വികസനം, പി.എസ്.സി, ആർ.ടി. ഓഫീസ് എന്നിവയ്ക്കായി പ്രത്യേക കെട്ടിടങ്ങൾ, മലപ്പുറത്ത് സ്വാതന്ത്ര്യസമര ചരിത്ര മ്യൂസിയം എന്നിവയും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലയുടെ വികസനത്തിന് നിർണായകമാകുന്ന ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും പാലക്കാട്–കോഴിക്കോട് ദേശീയപാതയുടെ വികസനത്തിനായി 172 കോടി രൂപയുടെ പ്രവൃത്തികൾ നടപ്പാക്കുമെന്നും യോഗത്തിൽ അറിയിച്ചു.
മക്കരപ്പറമ്പ്, മോങ്ങം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്ന പദ്ധതികൾക്കൊപ്പം മലപ്പുറം–വേങ്ങര, മലപ്പുറം–മഞ്ചേരി റോഡുകളുടെ വികസനവും മാസ്റ്റർ പ്ലാനിന്റെ ഭാഗമാകും. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സംവിധാനവും ആരോഗ്യ-ടൂറിസം മേഖലകളും ശക്തിപ്പെടുത്തി മലപ്പുറത്തെ ആധുനിക നഗരമായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമഗ്ര വികസന പദ്ധതിക്ക് രൂപം നൽകുന്നത്.