
പൊള്ളാച്ചി/വാൽപ്പാറ: പൊള്ളാച്ചി–വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ എട്ട് മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരാൾ പുരുഷനും ഉൾപ്പെടുന്നു. മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് മിനിവാനിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരുണ്ടായിരുന്നുവെന്നാണ് ലഭ്യമായ വിവരം. പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബോധാവസ്ഥയിൽ പ്രവേശിപ്പിച്ച അഞ്ചുപേരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുവെന്നതാണ് ആശങ്ക ഉയർത്തുന്നത്.
മലപ്പുറം ജില്ലയിലെ കോളത്തൂർ പോലീസ് പരിധിയിൽ നിന്ന് ഇന്ന് പുലർച്ചെ 3 മണിയോടെ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരു ദിവസത്തെ വിനോദയാത്രയ്ക്കായിരുന്നു യാത്ര, രാത്രി തന്നെ മടങ്ങിയെത്താനായിരുന്നു പദ്ധതി.
നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.ഒമ്പതാം ഹെയർ പിന്നിലെ റോഡിലേക്കാണ് വാഹനം പതിച്ചത്.
സ്കൂളിലെ ഒരു അധ്യാപകൻ ഒഴിച്ച് ബാക്കിയെല്ലാവരും വാനിൽ ഉണ്ടായിരുന്നു എന്ന് റിപ്പോർട്ടുണ്ട്. അപകടത്തിന്റെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്ന നിലയിലാണ്.
തമിഴ്നാട്ടിലെ കാടമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം ഉണ്ടായത്.
രക്ഷപ്പെട്ടതിൽ ഒരു കുട്ടി അപകടമില്ലാതെ രക്ഷപ്പെട്ടതായി റിപ്പോർട്ട് ഉണ്ട്. സ്കൂളിൻറെ ഹെഡ്മിസ്ട്രസ് അടക്കം മിക്ക അധ്യാപകരും വാഹനത്തിൽ ഉണ്ടായിരുന്നു.
അപകടം നടന്ന ഉടൻ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.