കൊല്ലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലുംതാഴത്ത് പുതിയ സർവീസ് റെയിൽവേ ഓവർബ്രിഡ്ജുകൾ (ആർ.ഒ.ബി) നിർമ്മിക്കുന്നതിനുള്ള പഠനറിപ്പോർട്ട് ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധസംഘം തയ്യാറാക്കി. റിപ്പോർട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി, വിഷ്ണുമോഹൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ ആനി ജൂൾ തോമസിന് കൈമാറി.
നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന കല്ലുംതാഴം മേൽപ്പാലത്തിന്റെ അതിരുകളിലായി, എൻ.എച്ച്. 744-നെയും എൻ.എച്ച്. 66-ന്റെ സർവീസ് റോഡിനെയും ബന്ധിപ്പിക്കുന്ന തരത്തിൽ രണ്ട് സർവീസ് റെയിൽവേ ഓവർബ്രിഡ്ജുകൾ നിർമ്മിക്കാനാണ് പദ്ധതി. ഇതിനായുള്ള നിർദേശത്തോടൊപ്പം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കിയ പഠനറിപ്പോർട്ടും ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും.
പദ്ധതിക്ക് അംഗീകാരം ലഭിക്കുന്നതോടെ തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
അതേസമയം, കല്ലുംതാഴം മേൽപ്പാലത്തിന്റെ നിർമ്മാണം ജൂലൈ അവസാനത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചത്. നിർദിഷ്ട സർവീസ് ആർ.ഒ.ബികളും യാഥാർഥ്യമാകുന്നതോടെ കല്ലുംതാഴം മേഖലയിലെ ദീർഘകാല ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.
യോഗത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, ടി.കെ.എം എഞ്ചിനീയറിംഗ് കോളേജിലെ വിദഗ്ധസംഘം, ദേശീയപാത ഡെപ്യൂട്ടി കലക്ടർ എം. ഉഷാകുമാരി എന്നിവർ പങ്കെടുത്തു.