You are currently viewing റെയിൽവൺ ആപ്പിലൂടെ റിസർവേഷനില്ലാത്ത ടിക്കറ്റ് ബുക്കിംഗിന് 3% ഇളവ്

റെയിൽവൺ ആപ്പിലൂടെ റിസർവേഷനില്ലാത്ത ടിക്കറ്റ് ബുക്കിംഗിന് 3% ഇളവ്

ന്യൂഡൽഹി:ഡിജിറ്റൽ ടിക്കറ്റിംഗ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽവൺ (RailOne) മൊബൈൽ ആപ്പിലൂടെ റിസർവേഷനില്ലാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 3 ശതമാനം ആനുകൂല്യം ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു.

നിലവിൽ റെയിൽവൺ ആപ്പിലെ ആർ-വാലറ്റ് (R-wallet) ഉപയോഗിച്ച് റിസർവേഷനില്ലാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴാണ് 3 ശതമാനം ബോണസ് ക്യാഷ്ബാക്ക് ലഭിക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ആർ-വാലറ്റ് ഉൾപ്പെടെ എല്ലാ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങളിലൂടെയും റെയിൽവൺ ആപ്പിൽ റിസർവേഷനില്ലാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ 3 ശതമാനം നേരിട്ടുള്ള ഇളവ് നൽകാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.

യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ പേയ്‌മെന്റ് മാർഗങ്ങൾ ഉപയോഗിച്ച് റെയിൽവൺ ആപ്പിൽ റിസർവേഷനില്ലാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ 3 ശതമാനം ഇളവ് ലഭിക്കും. എന്നാൽ ആർ-വാലറ്റ് വഴിയുള്ള ബുക്കിംഗുകളിൽ നിലവിലുള്ള 3 ശതമാനം ബോണസ് ക്യാഷ്ബാക്ക് സംവിധാനം തുടരും.

ഈ 3 ശതമാനം ഇളവ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ 2026 ജനുവരി 14 മുതൽ 2026 ജൂലൈ 14 വരെ ആറ് മാസത്തേക്ക് നടപ്പിലാക്കും. പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) മേയ് മാസത്തിൽ ഫീഡ്‌ബാക്ക് സമർപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പുതുക്കിയ ആനുകൂല്യ സംവിധാനം നടപ്പാക്കുന്നതിനായി റെയിൽവൺ ആപ്പിൽ ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും പണ ഇടപാടുകൾ കുറയ്ക്കാനും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്താനും ഈ നീക്കം സഹായകരമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Leave a Reply