
ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര ഊർജ ഉൽപ്പാദനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തേകുന്ന സുപ്രധാന കണ്ടെത്തലായി ആൻഡമാൻ കടലിൽ പുതിയ പ്രകൃതി വാതക ശേഖരം കണ്ടെത്തി. പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്, ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയുള്ള ശ്രീ വിജയപുരം-3 പര്യവേക്ഷണ മേഖലയിൽ പ്രകൃതി വാതക സാന്നിധ്യം സ്ഥിരീകരിച്ചതായി അറിയിച്ചു.

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർവീപ് സിംഗ് പുരിയാണ് പുതിയ കണ്ടെത്തൽ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ആൻഡമാൻ കടലിലെ ഈ ബ്ലോക്കിൽ 2025 സെപ്റ്റംബറിൽ വിജയപുരം-2 കിണറ്റിൽ കണ്ടെത്തിയതിനുശേഷമുള്ള രണ്ടാമത്തെ പ്രകൃതി വാതക കണ്ടെത്തലാണിത്.
355 മീറ്റർ ആഴമുള്ള കടൽപ്രദേശത്താണ് ശ്രീ വിജയപുരം-3 കിണർ തുരന്നത്. ഭൂഗർഭത്തിലെ 1,900 മീറ്ററിലധികം ആഴത്തിലുള്ള ഇയോസീൻ (Eocene) ശിലാപാളികളിലാണ് വാതക സാന്നിധ്യം കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി നടത്തിയ ഫ്ലെയറിംഗിലൂടെ പ്രകൃതി വാതകത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇന്ത്യയുടെ ഓഫ്ഷോർ ഹൈഡ്രോകാർബൺ പര്യവേക്ഷണ മേഖലയിൽ നിർണായക മുന്നേറ്റമായാണ് ഈ കണ്ടെത്തലിനെ വിലയിരുത്തുന്നത്. രാജ്യത്തിന്റെ വർധിച്ചുവരുന്ന ഊർജ ആവശ്യങ്ങൾ ആഭ്യന്തര ഉൽപ്പാദനത്തിലൂടെ കൂടുതൽ നിറവേറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പ്പാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആൻഡമാൻ കടലിലെ ഈ തുടർച്ചയായ കണ്ടെത്തലുകൾ ഭാവിയിൽ മേഖലയെ പ്രധാന പ്രകൃതി വാതക ഉൽപ്പാദന കേന്ദ്രമായി ഉയർത്താനുള്ള സാധ്യത വർധിപ്പിക്കുന്നതായും, ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും കേന്ദ്ര സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു.