
മാവേലിക്കര:മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ ദീർഘകാലമായി ജനങ്ങൾ അനുഭവിച്ചുവരുന്ന ലെവൽ ക്രോസിംഗ് ഗതാഗത തടസ്സങ്ങൾക്ക് ശാശ്വത പരിഹാരം ഉറപ്പാക്കുന്നതിന് വിവിധ റോഡ് ഓവർ ബ്രിഡ്ജ് (ROB) പദ്ധതികൾ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്ന് മാവേലിക്കര എംപി കൊടുക്കുന്നിൽ സുരേഷ് അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി ആകെ ഏഴ് ആർ.ഒ.ബി പദ്ധതികൾക്ക് നിലവിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ ആവണീശ്വരം ലെവൽ ക്രോസിംഗിൽ നിർദേശിച്ച ആർ.ഒ.ബി പദ്ധതി 2020–21 കാലയളവിൽ അംഗീകരിച്ചതാണ്. പദ്ധതിക്ക് 100 ശതമാനം റെയിൽവേ ഫണ്ടിംഗ് നൽകുന്നതിനുള്ള ജനറൽ മാനേജറുടെ ഇൻ-പ്രിൻസിപ്പിൾ അംഗീകാരം ലഭിച്ചിട്ടുണ്ട്. കെആർഡിസിഎൽ നെ നിർവഹണ ഏജൻസിയായി നിയമിച്ചിരിക്കുന്ന ഈ പദ്ധതിക്ക് സർക്കാർ തലത്തിലുള്ള ജിഐഡി(GAD) അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി ലെവൽ ക്രോസിംഗിലെ ആർ.ഒ.ബി പദ്ധതി 2016–17ൽ അംഗീകരിച്ചതാണ്. 2022 ജൂലൈയിൽ ജിഐഡി അംഗീകാരം ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ കായംകുളം–കൊല്ലം റെയിൽവേ സെക്ഷനിലെ ഗതാഗത തടസ്സങ്ങൾ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.
ആലപ്പുഴ ജില്ലയിൽ തൃപ്പക്കുടം റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു. മാവേലിക്കര കല്ലുമല ലെവൽ ക്രോസിംഗിൽ നിർദേശിച്ച ആർ.ഒ.ബി പദ്ധതിയിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയായതിനെ തുടർന്ന് ആർബിസിഡികെ മുഖേന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതോടൊപ്പം കോട്ടയം ജില്ലയിലെ നാലുകോടിയിലും വടക്കേക്കരയിലും ആർ.ഒ.ബി പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ തകഴിയിലും കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലും ആർ.ഒ.ബി പദ്ധതികൾക്ക് 2023–24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ചു. ഇരുവിടങ്ങളിലും 100 ശതമാനം റെയിൽവേ ഫണ്ടിംഗ് അനുവദിക്കുന്നതിന് ഇൻ-പ്രിൻസിപ്പിൾ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, കെആർഡിസിഎൽ മുഖേന നിർവഹണം നടത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംപി വ്യക്തമാക്കി. ജിഐഡി അംഗീകാരം ലഭിക്കുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാകും.
മാവേലിക്കര ലോക്‌സഭ മണ്ഡലത്തിൽ ഗതാഗത സുരക്ഷ വർധിപ്പിക്കാനും യാത്രാസൗകര്യം മെച്ചപ്പെടുത്താനും ആർ.ഒ.ബി പദ്ധതികൾ നിർണായക പങ്ക് വഹിക്കുമെന്ന് കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു. ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നതെന്നും, കേന്ദ്ര–സംസ്ഥാന സർക്കാരുകളുമായി തുടർച്ചയായ ഇടപെടലുകൾ നടത്തി എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.