You are currently viewing ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം; രണ്ട് ജീവനക്കാർക്ക് പരിക്ക്

ചെങ്ങന്നൂർ: ചെങ്ങന്നൂർ കോടതിയിൽ മുൻസിഫിന് നേരെ ആക്രമണശ്രമം. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ചെങ്ങന്നൂർ മുൻസിഫ് അമല ലോറൻസിന്റെ ചേമ്പറിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

ചെങ്ങന്നൂർ പെരിങ്ങാലയിലെ മോഹിനി സദനത്തിൽ അരുൺ മോഹൻ എന്ന യുവാവാണ് ആക്രമണശ്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ച നിലയിലാണ് ഇയാൾ കോടതിയിലെത്തിയത്.

പ്രതിയെ കണ്ടതോടെ പരിഭ്രമിച്ച മുൻസിഫ് കോടതിക്കുള്ളിലൂടെ ജീവനക്കാരുടെ ഓഫീസിലേക്ക് ഓടിക്കയറി. ഓട്ടത്തിനിടെ വീണ അമല ലോറൻസിന് പരിക്കേറ്റു. ഇതിനിടെ പ്രതിയെ തടയാൻ ശ്രമിച്ച രണ്ട് കോടതി ജീവനക്കാർക്കും മൽപ്പിടുത്തത്തിനിടെ പരിക്കേറ്റു. നിലത്തുവീണ ഒരു ജീവനക്കാരന്റെ നെഞ്ചിൽ പ്രതി ചവിട്ടിയതായും ദൃക്സാക്ഷികൾ പറയുന്നു.

സംഭവത്തിനിടെ പ്രതിയുടെ റെയിൻകോട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചില്ലുകുപ്പി നിലത്തുവീണ് പൊട്ടുകയും ചെയ്തു. തുടർന്ന് കോടതിയിൽ നിന്ന് റോഡിലേക്ക് ഓടിയ പ്രതിയെ കോടതി ജീവനക്കാരും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളും ചേർന്ന് കീഴ്പ്പെടുത്തി. പിന്നീട് ഇയാളെ ചെങ്ങന്നൂർ പൊലീസിന് കൈമാറി.

സംഭവത്തെ തുടർന്ന് കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണശ്രമത്തിന് പിന്നിലെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply