
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുമ്പ് നടത്തിയ രാജിപ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടുപോയ നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വെല്ലുവിളിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെ മാധ്യമപ്രവർത്തകർ ഇതുസംബന്ധിച്ച് ചോദിച്ചപ്പോൾ “അങ്ങനെ പലരും പലതും പറഞ്ഞുകാണും” എന്ന മറുപടിയായിരുന്നു അദ്ദേഹം നൽകിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻക്കെതിരെ കടുത്ത വിമർശനങ്ങളും വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് സതീശന് അഹങ്കാരമെന്നും രാഷ്ട്രീയത്തിൽ അഹങ്കാരം പറയുന്നവർക്ക് തോറ്റ ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുഡിഎഫിന് 100 സീറ്റ് ലഭിക്കുമെന്ന സതീശന്റെ അവകാശവാദത്തെ പരിഹസിച്ച വെള്ളാപ്പള്ളി, “അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല” എന്നും അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് ലഭിച്ചാൽ താൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അതേസമയം 100 സീറ്റ് ലഭിക്കാത്ത പക്ഷം സതീശൻ രാജിവെച്ച് വനവാസത്തിന് പോകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.