
പാലാ :പാലാ നഗരസഭ പരിധിയിൽ മാംസ വിലക്കയറ്റത്തിന് കർശന നിയന്ത്രണങ്ങളുമായി നഗരസഭ രംഗത്ത്. അനിയന്ത്രിത വില വർധന അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു, ഇനിമുതൽ പാലായിൽ പോത്തിറച്ചിയുടെ കിലോ വില 435 രൂപയും പന്നിയിറച്ചിയുടെ കിലോ വില 340 രൂപയും ആയി നിശ്ചയിച്ചതായി പ്രഖ്യാപിച്ചു. നിശ്ചയിച്ച വിലയിൽ നിന്ന് ഒരു രൂപ പോലും അധികം ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നും പരാതിയുണ്ടെങ്കിൽ ചെയർപേഴ്സനെയോ ബന്ധപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥരെയോ ഉടൻ അറിയിക്കണമെന്നും അവർ നിർദേശിച്ചു.

ഇന്ന് രാവിലെ 11 മണിക്ക് ചെയർപേഴ്സന്റെ ചേമ്പറിൽ വിളിച്ചുചേർത്ത പാലായിലെ മാംസവിൽപ്പനക്കാരുടെ യോഗത്തിലാണ് വിലനിശ്ചയവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത്. കേരളത്തിലെ ഏറ്റവും കൂടുതൽ പോത്തിറച്ചി ഉപഭോഗം നടക്കുന്ന പ്രദേശങ്ങളിൽ ഒന്നായ പാലായിൽ വിലക്കയറ്റം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി.
ഇറച്ചിക്കടകളിൽ ദുർഗന്ധം ഒഴിവാക്കണമെന്നും ജീവനക്കാരുടെയും കടകളുടെയും ശുചിത്വം കർശനമായി പാലിക്കണമെന്നും നഗരസഭ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു. ഇതിനായി 15 ദിവസത്തെ സാവകാശം വേണമെന്ന വ്യാപാരികളുടെ ആവശ്യത്തെ തുടർന്ന് 10 ദിവസത്തെ സമയം അനുവദിച്ചെങ്കിലും, യോഗത്തിൽ ഹാജരാകാത്ത എല്ലാ മാംസവിൽപ്പന കേന്ദ്രങ്ങളിലും ഇന്നുതന്നെ കർശന പരിശോധന ആരംഭിക്കാൻ നിർദേശം നൽകി.
കൗൺസിലർമാരായ ടോണി തൈപ്പറമ്പിൽ, ബിനു പുളിക്കക്കണ്ടം എന്നിവർ ചെയർപേഴ്സന്റെ നിലപാടിന് പിന്തുണ നൽകി. പാലായിലെ ഒരു പ്രമുഖ കടയിലെ വിലമാറ്റം അനുസരിച്ച് മറ്റ് ചെറുകിട കച്ചവടക്കാർ വില ഉയർത്തുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്നും ചെയർപേഴ്സൺ ചൂണ്ടിക്കാട്ടി.
കോഴിയിറച്ചി വിൽക്കുന്ന കടകളിലെ വേസ്റ്റ് അംഗീകൃത ഏജൻസികൾക്ക് മാത്രം കൈമാറണമെന്നും, അത് പന്നി വളർത്തൽ കേന്ദ്രങ്ങൾക്ക് നൽകുന്നത് കർശന നടപടികൾക്ക് കാരണമാകുമെന്നും വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി. അസോസിയേഷൻ തീരുമാനിച്ച വിലയ്ക്കാണ് വിൽപ്പന നടത്തുന്നതെന്ന ഒരു വിഭാഗം കച്ചവടക്കാരുടെ വാദത്തെ മറ്റൊരു വിഭാഗം ശക്തമായി എതിർത്തതോടെ യോഗത്തിൽ വാദപ്രതിവാദങ്ങളും ഉണ്ടായി.
പോത്തിറച്ചിയുടെ വില കുറയ്ക്കണമെന്ന നഗരസഭയുടെ നിർദേശത്തെ വ്യാപാരികൾ ആദ്യം ശക്തമായി എതിർത്തെങ്കിലും, നിയമനടപടികൾ സ്വീകരിക്കുമെന്ന ചെയർപേഴ്സന്റെ ഉറച്ച നിലപാടിന് മുന്നിൽ കിലോയ്ക്ക് 460 രൂപയുണ്ടായിരുന്ന വില 435 രൂപയാക്കി കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാവുകയായിരുന്നു. ചില കടകളിൽ കാളയിറച്ചി ചേർത്ത് പോത്തിറച്ചിയെന്ന പേരിൽ വിൽപ്പന നടത്തുന്നതായി ചില വ്യാപാരികൾ തന്നെ യോഗത്തിൽ പരാമർശിച്ചത് ചിരിയുണർത്തിയെങ്കിലും, അത് സ്വയമറിയാതെ നടത്തിയ ഒരു തുറന്ന സമ്മതമായി വിലയിരുത്തപ്പെട്ടു.
ഇറച്ചി തൂക്കുമ്പോൾ മുൻതൂക്കം നൽകുന്നതിലൂടെ വില കുറച്ചാൽ നഷ്ടമുണ്ടാകുമെന്ന വ്യാപാരികളുടെ വാദം വാസ്തവവിരുദ്ധമാണെന്നും, ഇലക്ട്രോണിക് ത്രാസുകളിൽ ഓരോ മില്ലിഗ്രാമിന്റെയും വില കൃത്യമായി ഈടാക്കിയാണു നിലവിൽ വിൽപ്പന നടക്കുന്നതെന്നും നഗരസഭ വ്യക്തമാക്കി.
നാളെ രാവിലെ മുതൽ പാലാ നഗരസഭ പരിധിയിലെ എല്ലാ മാംസവിൽപ്പന കേന്ദ്രങ്ങളിലും പോത്തിറച്ചിക്ക് കിലോ 435 രൂപയും പന്നിയിറച്ചിക്ക് 340 രൂപയും എന്നതാണ് പരമാവധി വില. ഇതിൽ കുറച്ച് വിലയ്ക്ക് വിൽക്കുന്നതിന് അനുമതിയുണ്ടെങ്കിലും, ഒരു രൂപ പോലും അധികം ഈടാക്കാൻ പാടില്ല. പരാതിയുള്ളവർക്ക് ചെയർപേഴ്സനോ നഗരസഭാ അധികൃതർക്കോ രേഖാമൂലം പരാതി നൽകാമെന്നും നഗരസഭ അറിയിച്ചു.