
കൊല്ലം:കുട്ടികളെ സ്ക്രീൻ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കുകയും ആത്മവിശ്വാസം വളർത്തുകയും അവരുടെ സർഗവാസനകളെ പോഷിപ്പിക്കുകയും ചെയ്യുന്നതിനുള്ള ലക്ഷ്യത്തോടെ കൊല്ലം സിറ്റി പൊലീസ് സംഘടിപ്പിച്ച ചിൽഡ്രൻസ് ബിനാലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ മികച്ച അനുഭവമായി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 600ലധികം വിദ്യാർത്ഥികൾ ബിനാലെയിൽ പങ്കെടുത്തു.

ചലച്ചിത്രതാരം എസ്തർ അനിൽ പരിപാടിയിൽ മുഖ്യാതിഥിയായി. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ബിരുദം നേടിയ എസ്തർ അനിൽ, തന്റെ വിദ്യാഭ്യാസാനുഭവങ്ങളും ജീവിത കാഴ്ചപ്പാടുകളും കുട്ടികളുമായി പങ്കുവെച്ചു. പുരോഗമന ചിന്തയും ആധുനിക സമീപനങ്ങളുമുള്ള യുവതലമുറ സമൂഹത്തിന് നൽകുന്ന വലിയ പ്രതീക്ഷകളെക്കുറിച്ചും അവർ സംസാരിച്ചു.
ചടങ്ങിൽ എം. നൗഷാദ് എംഎൽഎ അധ്യക്ഷത വഹിച്ചു. മേയർ എ. കെ. ഹഫീസ്, സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രഞ്ജിനി, എ.സി.പി മാർ എ. പ്രതീപ്കുമാർ, എസ്. ഷെരീഫ്, കലാകാരന്മാരായ ആശ്രാമം സന്തോഷ്, ആർ. ബി. ഷജിത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്താനും വളർത്താനും സമൂഹത്തിന്റെ കൂട്ടായ ശ്രമങ്ങൾ അനിവാര്യമാണെന്ന് ബിനാലെ വ്യക്തമാക്കിയതായി സംഘാടകർ അറിയിച്ചു.