
തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ ട്രെയിൻ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ അറിയിച്ചു. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതിയുടെ പ്രധാന വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. പദ്ധതിയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം 15 ദിവസത്തിനകം ഉണ്ടാകുമെന്നും വ്യക്തമാക്കി.

പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന്റെ (ഡിഎംആർസി) ഓഫീസ് പൊന്നാനിയിൽ ആരംഭിക്കും. ഡൽഹി മീററ്റ് പാതയിൽ ഏതു പോലുള്ള റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം മാതൃകയിലായിരിക്കും പാത നിർമ്മിക്കുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ പാതയിൽ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും. വാണിജ്യ സർവീസുകളിൽ ശരാശരി വേഗത മണിക്കൂറിൽ 135 കിലോമീറ്റർ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ തിരുവനന്തപുരം–കണ്ണൂർ യാത്രയ്ക്ക് ഏകദേശം മൂന്നേകാൽ മണിക്കൂർ മാത്രമേ വേണ്ടിവരൂ എന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം സെൻട്രൽ, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി,വടകര ,തലശ്ശേരി ,കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ ഉണ്ടാവുക
തുടക്കത്തിൽ 560 യാത്രക്കാരെ ഉൾക്കൊള്ളുന്ന എട്ടു കോച്ചുകൾ ഉള്ള ട്രെയിനിലാണ് പദ്ധതിയിടുന്നത്. പിന്നീട് ആവിഷാനുസരണം കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാം. ഓരോ അഞ്ചു മിനിറ്റിലും ട്രെയിൻ ഉണ്ടാകും.
പദ്ധതിയുടെ 70 ശതമാനം പാത എലിവേറ്റഡായോ ഉയർന്ന നിലയിലോ ആയിരിക്കും. 20 ശതമാനം ഭാഗം തുരങ്കങ്ങളിലൂടെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. 20–25 കിലോമീറ്റർ ഇടവിട്ട് ആകെ 22 സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പാത തിരുവനന്തപുരം സെൻട്രലിൽ നിന്ന് ആരംഭിച്ച് പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചായിരിക്കും കടന്നുപോകുക.
പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 86,000 കോടി രൂപയായി കണക്കാക്കുന്നതായും, ഇത് ഒരു ലക്ഷം കോടി രൂപ വരെ ഉയരാനിടയുണ്ടെന്നും ഇ. ശ്രീധരൻ പറഞ്ഞു.
ചെലവിന്റെ 51 ശതമാനം കേന്ദ്ര റെയിൽവേ വഹിക്കും. 49% ഓഹരി പങ്കാളിത്തം സംസ്ഥാന സർക്കാരിനായിരിക്കും. 40,000 കോടി രൂപ കടമെടുക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ-റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും പുതിയ അതിവേഗ ട്രെയിൻ പദ്ധതി നിലവിലുള്ള റെയിൽപാതയുമായി ബന്ധിപ്പിക്കില്ലെന്നും ഇ. ശ്രീധരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.