
ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ റെയിൽ ചരക്ക് ഗതാഗത ലീസിംഗ് മേഖലയെ ശക്തിപ്പെടുത്തുന്നതിനായി ടെക്സ്മാക്കോ, ടുവാക്‌സ് , ട്രിനിറ്റിറെയിൽ എന്നിവയുടെ സംയുക്ത സംരംഭമായ ടിടിആർഎൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ₹2,000 കോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപത്തിന്റെ ഭാഗമായി ഏകദേശം 6,500 വാഗണുകൾ ഉൾപ്പെടുന്ന 100 പുതിയ ചരക്ക് റെയിൽ റേക്കുകൾ രാജ്യത്ത് വിന്യസിക്കും.
2026 ജൂണിൽ ട്രിനിറ്റിറെയിൽ 32 ശതമാനം ഓഹരി സ്വന്തമാക്കിയതോടെയാണ് ത്രികക്ഷി പങ്കാളിത്തം ശക്തമായത്. ടെക്സ്മാക്കോയുടെ വാഗൺ നിർമ്മാണ വൈദഗ്ധ്യം, ടുവാക്‌സിന്റെ ആഗോള ലീസിംഗ് പരിചയം, ട്രിനിറ്റിറെയിലിന്റെ അത്യാധുനിക വാഗൺ രൂപകൽപ്പനയും അന്താരാഷ്ട്ര ധനസമാഹരണ ശേഷിയും ഒരുമിപ്പിച്ചാണ് പുതിയ സംരംഭം മുന്നോട്ടുപോകുന്നത്.
ഇന്ത്യയിലെ റെയിൽ ചരക്ക് ഗതാഗതത്തിന്റെ വിഹിതം നിലവിലെ 27 ശതമാനത്തിൽ നിന്ന് 45 ശതമാനമായി ഉയർത്തുകയെന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യത്തിന് ഈ പദ്ധതി കരുത്തേകുമെന്ന് കമ്പനി അറിയിച്ചു. പുതിയ തലമുറ വാഗണുകൾ കുറഞ്ഞ പരിപാലനച്ചെലവ്, കൂടുതൽ കാര്യക്ഷമമായ ഉപയോഗം, മത്സരാധിഷ്ഠിത ലീസിംഗ് നിരക്കുകൾ എന്നിവ ഉറപ്പാക്കുമെന്നും ഇതിലൂടെ ഏകദേശം ₹3 ലക്ഷം കോടി മൂല്യമുള്ള ഇന്ത്യൻ റെയിൽ ചരക്ക് ഗതാഗത മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നും വിലയിരുത്തുന്നു.
സ്വകാര്യ മേഖലയിലെ നിക്ഷേപവും സാങ്കേതിക നവീകരണവും വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി മെച്ചപ്പെടുത്തുന്നതിൽ ഈ സംരംഭം നിർണായക ചുവടുവയ്പ്പായിരിക്കുമെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു.