
മാവേലിക്കര: കെഎസ്ആർടിസി മാവേലിക്കര യൂണിറ്റിലെയും റീജ്യണൽ വർക്ക്ഷോപ്പിലെയും ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം ബഹു. മാവേലിക്കര എം.എൽ.എ. എം.എസ്. അരുണ്‍ കുമാർ നിർവഹിച്ചു.

കെഎസ്ആർടിസി ഓഫീസ് നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളിലെ കാലതാമസം ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുന്നത്.
കെഎസ്ആർടിസിയുടെ ചീഫ് ഓഫീസ് ഉൾപ്പെടെ സ്ഥാപനത്തിന്റെ മുഴുവൻ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ, അതിന്റെ ഭാഗമായി മാവേലിക്കര ഡിപ്പോയിലും റീജ്യണൽ വർക്ക്ഷോപ്പിലും എംഎൽഎ ഫണ്ട് ഉപയോഗിച്ച് സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണവും ഇ-ഓഫീസ് സംവിധാനവും നടപ്പാക്കി. ഇതിന്റെ ഔപചാരിക ഉദ്ഘാടനം 2026 ജനുവരി 23 വെള്ളിയാഴ്ചയാണ് നടന്നത്.
ഇ-ഓഫീസ് സംവിധാനം പ്രാവർത്തികമാകുന്നതോടെ ഫയൽ കൈമാറ്റം വേഗത്തിലാകുകയും രേഖകൾ സുരക്ഷിതമായി ഡിജിറ്റൽ രീതിയിൽ സൂക്ഷിക്കാനും സാധിക്കുമെന്നും എം.എൽ.എ പറഞ്ഞു. ഇതുവഴി ജീവനക്കാരുടെ കാര്യക്ഷമത വർധിക്കുകയും പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരും ജീവനക്കാരും വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുത്തു.