
കൊട്ടാരക്കര: കൊട്ടാരക്കര വയയ്ക്കലിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും ഒരു ടാങ്കർ ലോറിയും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ ടാങ്കർ ലോറി ഡ്രൈവർ മരിച്ചു.തൃശൂർ സ്വദേശി ഡോൺ ബോസ്കോയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നരയോടെ വയയ്ക്കൽ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കു ഗുരുതര പരിക്കേറ്റു. നിരവധി യാത്രക്കാർക്കും പരിക്കുണ്ട്.

അപകടത്തെത്തുടർന്ന് ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡോൺ ബോസ്കോയെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പരിക്കേറ്റവരെ ഉടൻ കൊട്ടാരക്കര ഗവൺമെന്റ് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം കുറച്ചുസമയം തടസ്സപ്പെട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.