You are currently viewing പത്മഭൂഷൻ ഈഴവ സമുദായത്തിനുള്ള അംഗീകാരം; രാഷ്ട്രീയ മോഹമില്ലെന്ന് വെള്ളാപ്പള്ളി

പത്മഭൂഷൻ ഈഴവ സമുദായത്തിനുള്ള അംഗീകാരം; രാഷ്ട്രീയ മോഹമില്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: തനിക്ക് ലഭിച്ച പത്മഭൂഷൻ പുരസ്കാരം വ്യക്തിഗത നേട്ടമല്ല, ഈഴവ സമുദായത്തിന് ലഭിച്ച അംഗീകാരമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മൈക്രോ ഫൈനാൻസ് പദ്ധതിയിലൂടെ അനേക ലക്ഷം പാവപ്പെട്ടവരുടെ കണ്ണീർ തുടച്ചതിന്റെ അംഗീകാരമാണ് ഈ ബഹുമതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്ക് രാഷ്ട്രീയമോ പാർലമെൻററി മോഹമോ ഇല്ലെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി, അങ്ങനെ വല്ലതുമുണ്ടെങ്കിൽ തന്നെ “ഊളമ്പാറയ്ക്ക് കൊണ്ടുപോകണം” എന്ന പരിഹാസവാക്കുകളും പറഞ്ഞു. താൻ ഇരിക്കുന്ന കസേരയോട് നീതി പുലർത്തുക എന്നതാണ് തന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ജില്ലയിൽ ഈഴവരുടെ വോട്ടുകൾക്ക് വേണ്ടത്ര വില ലഭിക്കുന്നില്ലെന്നും, സമുദായാംഗങ്ങൾ അവരുടെ വോട്ടിന്റെ ശക്തി തെളിയിക്കണമെന്നും വെള്ളാപ്പള്ളി ആഹ്വാനം ചെയ്തു. തനെയും സമുദായത്തെയും തകർക്കാൻ ചിലർ യൂട്യൂബ് ചാനലുകൾക്ക് പണം നൽകി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും, “പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല” എന്ന നിലപാടോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ കൊല്ലാൻ പോലും ചിലർ ശ്രമിച്ചിട്ടുണ്ടെന്നും, അതെല്ലാം അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ 30 വർഷത്തിനിടെ ഈഴവ സമുദായം ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചുവെന്നും, 30 വർഷം മുമ്പത്തേക്കാൾ ഇന്ന് സമുദായത്തിന് കൂടുതൽ പരിഗണന ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്മഭൂഷൻ ലഭിച്ചതിനെ തുടർന്ന് കോട്ടയത്ത് സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.

Leave a Reply