You are currently viewing പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടം; അവിശ്വാസ പ്രമേയം പാസായി, ദിയ ബിനു അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്ത്

പാലാ നഗരസഭയിൽ യുഡിഎഫിന് ഭരണം നഷ്ടം; അവിശ്വാസ പ്രമേയം പാസായി, ദിയ ബിനു അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്ത്

കോട്ടയം: പാലാ നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. ചൊവ്വാഴ്ച (ജൂലൈ 21) നടന്ന വോട്ടെടുപ്പിൽ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാധ്യക്ഷയായ ദിയ ബിനു പുളിക്കകണ്ടം അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്തായി. യുഡിഎഫ് മുന്നണിക്കുള്ളിലെ ഭിന്നതയാണ് നിർണായക രാഷ്ട്രീയ മാറ്റത്തിന് വഴിവെച്ചത്.

26 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസ പ്രമേയം പാസാകാൻ 14 വോട്ടുകൾ മതിയായിരുന്നു. വോട്ടെടുപ്പിൽ എതിരില്ലാതെ 17 വോട്ടുകൾ ലഭിച്ചതോടെയാണ് പ്രമേയം വിജയിച്ചത്. എൽഡിഎഫിന്റെ 12 അംഗങ്ങൾക്ക് പുറമെ, പാർട്ടി വിപ്പ് ലംഘിച്ച നാല് കോൺഗ്രസ് കൗൺസിലർമാരും ഉപാധ്യക്ഷയായ സ്വതന്ത്ര അംഗം മായാ രാഹുലും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് പാർലമെന്ററി പാർട്ടി നേതാവ് ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യു, രജിത പ്രകാശ് എന്നിവർ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. ഇവരുടെ നടപടി യുഡിഎഫിന് വലിയ തിരിച്ചടിയായി.

അതേസമയം, കോൺഗ്രസിലെ റിയ ചീരാംകുഴിയും സെബാസ്റ്റ്യൻ പനക്കലും പാർട്ടി വിപ്പ് അനുസരിച്ച് യോഗത്തിൽ നിന്ന് വിട്ടുനിന്നു. കേരള കോൺഗ്രസ് (ജോസഫ്) അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും കെഡിപി (മാണി സി. കാപ്പൻ വിഭാഗം) അംഗം പ്രിൻസി സണ്ണിയും യോഗത്തിൽ പങ്കെടുത്തില്ല.

നഗരസഭാധ്യക്ഷ ദിയാ ബിനുവും അവരെ പിന്തുണച്ച സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ് കൗൺസിലർമാരും ഉപാധ്യക്ഷയും തമ്മിലുണ്ടായ അഭിപ്രായഭിന്നതയാണ് യുഡിഎഫ് മുന്നണിയിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ സാഹചര്യം മുതലെടുത്താണ് എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ച് നഗരസഭയുടെ ഭരണം സ്വന്തമാക്കിയത്.

അവിശ്വാസ പ്രമേയം പാസായതോടെ പാലാ നഗരസഭയിലെ രാഷ്ട്രീയ സമവാക്യങ്ങൾ പൂർണമായും മാറിയിരിക്കുകയാണ്. വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നേതൃത്വത്തിന്റെ നടപടിയും പുതിയ ഭരണസമവാക്യങ്ങളും ഇനി രാഷ്ട്രീയ ചർച്ചകളിൽ നിർണായകമാകും.

Leave a Reply