ശബരിമല തീർത്ഥാടന ഡ്യൂട്ടിക്കിടെയുണ്ടായ ദാരുണ വാഹനാപകടത്തിൽ തിരുവല്ല ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കൊല്ലം ആയൂർ സ്വദേശിയുമായ ആർ. രഞ്ജിത് കുമാർ (39) മരിച്ചു. തുലാപ്പള്ളിക്ക് സമീപം ശബരിമലയിലേക്കുള്ള പ്രത്യേക ഡ്യൂട്ടിക്കായി സഞ്ചരിച്ചിരുന്ന അഗ്നിരക്ഷാസേനയുടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
മൂന്നുദിവസം മുമ്പാണ് രഞ്ജിത് കുമാർ നിലയ്ക്കലിലെ താൽക്കാലിക ഫയർ സ്റ്റേഷനിൽ ശബരിമല പ്രത്യേക ഡ്യൂട്ടിക്കായി എത്തിയത്. നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ധീരമായി പങ്കെടുത്ത മികച്ച ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് ഈ അപകടത്തിലൂടെ കേരളത്തിന് നഷ്ടമായത്.
അപകടത്തിൽ നിയന്ത്രണം വിട്ട ഫയർഫോഴ്‌സ് വാഹനം റോഡരികിൽ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ തീർഥാടകരുടെ വാഹനം പൂർണമായും തകർന്നു. കൂടാതെ വനംവകുപ്പിന്റെ വാഹനത്തിലും മറ്റൊരു ജീപ്പിലും ഇടിച്ച ശേഷമാണ് അഗ്നിരക്ഷാവാഹനം മറിഞ്ഞത്.
അപകടസമയത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ആളുകളില്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അല്ലാത്തപക്ഷം നിരവധി പേർ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അപകടത്തിൽ ആലപ്പുഴ ഫയർ സ്റ്റേഷനിലെ ഡ്രൈവർ അഭിലാഷ് ഉൾപ്പെടെ മറ്റ് അഗ്നിരക്ഷാസേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രേക്ക് തകരാറോ മറ്റ് സാങ്കേതിക തകരാറുകളോ ഉണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.