You are currently viewing കേരളത്തിലെ ആദ്യകാല നക്സലേറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

കേരളത്തിലെ ആദ്യകാല നക്സലേറ്റ് നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

എറണാകുളം: കേരളത്തിലെ ആദ്യകാല നക്സലേറ്റ് നേതാക്കളിലൊരാളായ വെള്ളത്തൂവൽ സ്റ്റീഫൻ (82) അന്തരിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം വടാട്ടുപാറയിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

പതിനഞ്ചാം വയസ്സിൽ നക്സലേറ്റ് പ്രസ്ഥാനത്തിൽ ചേർന്ന സ്റ്റീഫൻ, 1968-ൽ കുന്നിക്കൽ നാരായണന്റെ നേതൃത്വത്തിൽ നടന്ന തലശ്ശേരി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്നു. 1971-ൽ അറസ്റ്റിലായ സ്റ്റീഫൻ, കൊലപാതക കേസുകൾ ഉൾപ്പെടെ ഏകദേശം 18 കേസുകളിൽ പ്രതിയായിരുന്നു. ഇതിന്റെ ഭാഗമായി 15 വർഷത്തോളം ജയിൽവാസം അനുഭവിച്ചു.

ജയിൽവാസത്തിനിടയിൽ സായുധ വിപ്ലവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ സ്റ്റീഫൻ, മോചിതനായ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് ഇടുക്കി ജില്ലയിലെ ചേലച്ചുവട്ടിൽ ഒരു തയ്യൽ കട നടത്തി ഉപജീവനം നടത്തിയിരുന്നു.

ജീവിതാനുഭവങ്ങളെ ആധാരമാക്കി നിരവധി കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘കനൽ വഴികൾ കടന്ന് ഒരു ദൈവ സാക്ഷ്യം’, ‘മേഘപാളിയിലെ കാൽപ്പാടുകൾ’, ‘അർദ്ധബിംബം’, ‘പ്രചോദനം’ എന്നിവയാണ് പ്രധാന കൃതികൾ.

സംസ്കാരം ഫെബ്രുവരി ഒന്നിന് വീട്ടുവളപ്പിൽ നടക്കും.

Leave a Reply