
നീണ്ടൂർ: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സ്മരണാർത്ഥം സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിന് സാംസ്കാരിക വകുപ്പ് 25 ലക്ഷം രൂപ അനുവദിച്ചു. നീണ്ടൂർ പബ്ലിക് ലൈബ്രറി പരിസരത്താണ് സ്മാരകം ഉയരുക.

സിനിമ, നാടകം, ലളിതഗാനം, ഭക്തിഗാനം തുടങ്ങിയ മേഖലകളിലായി മലയാളത്തിലും തമിഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയ പ്രതിഭയാണ് ആലപ്പി രംഗനാഥ്. സംഗീതസംവിധാനവും ഗാനരചനയും ഒരുപോലെ കൈവശമാക്കിയിരുന്ന അദ്ദേഹം നൃത്തനാടക രചയിതാവ് എന്ന നിലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഹരിവരാസന പുരസ്കാരം, മികച്ച സംഗീതസംവിധായകനുള്ള സംഗീത നാടക അക്കാദമി അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ആലപ്പി രംഗനാഥ് ദീർഘകാലം ജീവിച്ചിരുന്ന നീണ്ടൂരിലാണ് സ്മാരകം ഒരുങ്ങുന്നത്.
ഉത്കൃഷ്ടരായ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും സ്മാരകങ്ങൾക്കുള്ള ധനസഹായം എന്ന സാംസ്കാരിക വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സാംസ്കാരിക നിലയം സ്ഥാപിക്കുന്നത്