
മലപ്പുറം ∙ പ്രശസ്ത ചിത്രകാരനും കലാ അധ്യാപകനുമായ ശേഖര്‍ അയ്യന്തോള്‍ (71) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എടപ്പാള്‍–കുറ്റിപ്പുറം റോഡിലുള്ള അദ്ദേഹത്തിന്റെ സ്വന്തം സ്ഥാപനമായ ജെഡി ഡിജിറ്റല്‍ ആര്‍ട്ട് ഗാലറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

അഞ്ച് പതിറ്റാണ്ടിലേറെ കേരളത്തിന്റെ ചിത്രകലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ശേഖര്‍ അയ്യന്തോള്‍. കേരള ചിത്രകലാ പരിഷത്തിന്റെ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുമരനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചിത്രകലാ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു.
1954-ല്‍ തൃശ്ശൂരിലെ അയ്യന്തോളില്‍ ജനിച്ച ശേഖര്‍ അയ്യന്തോള്‍, ഗവ. ഒക്യുപേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഇന്നത്തെ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്) നിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ല്‍ അവിടെ തന്നെ ആര്‍ട്ട് ഇന്‍സ്ട്രക്ടറായും പ്രവര്‍ത്തിച്ചു.
ഭാര്യ പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനല്ലൂര്‍, പാലക്കാട്). മക്കള്‍: ജിനന് ശേഖര്‍, ധനന് ശേഖര്‍. സംസ്കാരം ഇന്ന് നടക്കും.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.